മന്ത്രിസഭായോഗ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന നിര്‍ദേശവുമായി പിണറായി

തിരുവനന്തപുരം : മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്‌പോയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വിവരങ്ങള്‍ പുറത്തുപോകരുതെന്നും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇക്കാര്യം നേരിട്ട് മന്ത്രിമാരെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശവും നല്‍കി. കഴിഞ്ഞായാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതില്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

നിയമമന്ത്രി എ.കെ ബാലനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമാണ് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്കിടയാക്കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാരേയും ബന്ധപ്പെട്ട് മന്ത്രിസഭാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഇന്നു ചേര്‍ന്ന യോഗത്തിലും ഇക്കാര്യം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.