വിരാട് കോലിക്ക് മിക്കവാറും പണി കിട്ടും; കളിക്കിടെ വയര്‍ലസ് ഉപയോഗിച്ച കോലി ഐസിസി ചട്ടം ലംഘിച്ചതായി ആരോപണം

ദില്ലി: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വയര്‍ലസ് സംവിധാനം ഉപയോഗിച്ചത് വിവാദത്തില്‍.ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ക്രീസില്‍ നില്‍ക്കുന്ന സമയത്തായിരുന്നു കോലി വയര്‍ലസ് ഉപയോഗിച്ചത്. കോലി ഐ.സി.സി ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഇതിനോടകം നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും വയര്‍ലസ് ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്ന് ഐ.സി.സി വ്യക്തമാക്കി. വയര്‍ലസ് ഉപയോഗിക്കാന്‍ കോലി മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നതായും ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗം വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളില്‍ ഡ്രസിംഗ് റൂമുമായി ബന്ധപ്പെടാന്‍ വയര്‍ലസ് ഉപയോഗിക്കാമെന്നാണ് ഐ.സി.സി ചട്ടം.

എന്നാല്‍ ഡ്രസിംഗ് റൂമിലും കളിസ്ഥലത്തും മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശനമായ വിലക്കുണ്ട്. ഗ്രൗണ്ടില്‍ വെച്ച് 1999 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സ് ക്രോണി വയര്‍ലസ് സംവിധാനം ഉപയോഗിച്ചതാണ് ഐസിസി നിയമം കൊണ്ടുവരാന്‍ കാരണം.