ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ പദവി ഒഴിയുമെന്ന് വിരാട് കോഹ്ലി

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കി. കോഹ്ലിയുടെ ഈ പ്രഖ്യാപനം ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് കൂടിയാണ് വിരാമമിട്ടത്. കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതോടെ രോഹിത് ശര്‍മയായിരിക്കും താരത്തിന് പകരം സ്ഥാനമേല്‍ക്കുക.

‘ജോലിഭാരം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക എന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് മനസ്സിലാക്കുന്നു. കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്റെയും അതില്‍ അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ കഴിവിന്റെ പരമാവധി തന്നെ ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി ടീമിലെ ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.’ – കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.

തീര്‍ച്ചയായും ഒരുപാട് സമയമെടുത്താണ് ഈ ഒരു തീരുമാനത്തില്‍ എത്തിയത്. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുന്‍പായി ടീം നേതൃത്വത്തിന്റെ ഭാഗമായ രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടര്‍മാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായിതുടര്‍ന്നും കഴിവിന്റെ പരമാവധി പുറത്തെടുക്കും.’ – കോഹ്ലി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, വിരാട് കോഹ്ലി ടീമിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും നിലവില്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയ രോഹിത് ശര്‍മ ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകത്വം ഒഴിയുന്നതെന്നും, രോഹിത്തിനൊപ്പം നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ അദ്ദേഹം തീരുമാനമെടുത്തതായും ടൈംസ് ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2015ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്തോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയിലേക്ക് എത്തുന്നത്.