യുപിയിലെ സ്‌കൂളില്‍ വിതരണം ചെയ്ത പഴകിയ ബിസ്‌ക്കറ്റ് കഴിച്ച 63 കുട്ടികള്‍ അവശ നിലയില്‍;യോഗിയുടെ ഉത്തര്‍പ്രദേശ് കുട്ടികള്‍ക്ക് കൊലക്കളം

ബധോഹി :ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു ദുരന്ത വാര്‍ത്ത കൂടി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണത്തെ ചെയ്ത കാലാവധി കഴിഞ്ഞ ബിസ്‌കറ്റ് കഴിച്ച് 63 കുട്ടികള്‍ ആശുപത്രിയില്‍. പഴകിയ ബിസ്‌ക്കറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്.

ബിസ്‌കറ്റ് കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബധോഹി ജില്ലയിലെ അശ്രം പഠതി വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് പഴകിയ ഭക്ഷണത്തെ കഴിച്ചത് മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും,സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു ശ്രദ്ധയും ഉണ്ടാകാറില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

‘പലപ്പോഴും ആഹാരത്തില്‍ പ്രാണികളെ കാണുന്നു. അരിയില്‍ മുടിയും ചൂലിന്റെ ഭാഗങ്ങളും കിട്ടാറുണ്ട്. ചീഞ്ഞ പാല്‍ക്കട്ടകള്‍ വരെ കഴിക്കാന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം, ഞങ്ങള്‍ക്ക് കാലവധി കഴിഞ്ഞ ബിസ്‌ക്കറ്റുകള്‍ നല്‍കി ഞങ്ങള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി’, സ്‌കൂളിലെ വിദ്യാര്‍ഥി നിരാജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവം കൂടി പുറത്ത് വന്നതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന വിമര്‍ശനം കൂടുതല്‍ ശക്തമായിട്ടുണ്ട്.