ചെന്നൈ വെള്ളപ്പൊക്കം ; വെളിവായത് തമിഴ് നാട് പോലീസിന്‍റെ മറ്റൊരു മുഖം
ചെന്നൈ : കനത്ത മഴ തുടരുന്ന ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ ഇതിനോടകം 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതിനിടെ തമിഴ് നാട് പോലീസിന്‍റെ മറ്റൊരു രൂപം വെളിവായി. തമിഴ്‌നാടിലെ ചില പോലീസുകാരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഡ്യൂട്ടിക്ക് അപ്പുറത്തേക്കുള്ള തമിഴ്‌നാട് പോലീസിന്റെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റെയില്‍വെ സ്‌റ്റേഷനുകളിലേയും റോഡുകളിലേയും കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി വിടുന്നതിനായും മറ്റും കനത്ത മഴയിലും സജീവ സന്നദ്ധരായിരിക്കുകയാണ് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍.
ഗ്ലൗസുകളോ മറ്റു സുരക്ഷാ മാര്‍ഗങ്ങളോ ഉപയോഗിക്കാതെ ഓടകള്‍ തുറന്ന് നല്‍കുന്ന പോലീസുകാരുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. മഴ കനത്തതോടെ പകര്‍ച്ചവ്യാധി ആശങ്കയും രൂക്ഷമായി കഴിഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും സര്‍ക്കാര്‍ പാഠം പഠിച്ചില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ അവിടെ തുടരുന്ന ദുരിതങ്ങള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.