കനത്ത മഴയത്തും യുവാവിനെ തോളില്‍ ചുമന്ന് വനിത പൊലീസ് ഇന്‍സ്പെക്ടര്‍ ; സിംഗപ്പെണ്ണിന് കയ്യടിച്ചു സോഷ്യല്‍ മീഡിയ

കനത്ത മഴ തുടരുന്ന തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സിംഗപ്പെണ്ണിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്. ടിപി ഛത്രം ശ്മശാനത്തിനു സമീപം വെള്ളക്കെട്ടില്‍ പെട്ട് ബോധരഹിതനായ യുവാവിനെ തോളില്‍ ചുമന്ന് രക്ഷപ്പെടുത്തുന്ന വനിത ഇന്‍സ്പെക്ടറുടെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വനിത ഇന്‍സപെക്ടറായ രാജേശ്വരിയാണ് വെള്ളക്കെട്ടില്‍ പെട്ട് ബോധരഹിതനായ യുവാവിനെ തോളില്‍ ചുമന്ന ശേഷം ഓട്ടോയില്‍ കയറ്റിവിടുന്നത്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ യുവാവ് മരിച്ചു എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ രാജേശ്വരിയുടെ സമയോചിതമായ ഇടപെടല്‍ ആണ് യുവാവിന് പുതു ജീവന്‍ നല്‍കിയത്.

പ്രകൃതി ദുരന്ത വേളകളിലെല്ലാം രക്ഷാസേനയോടൊപ്പം പ്രവൃത്തിക്കുന്ന ഊര്‍ജ്വസ്വലയായ ഉദ്യോഗസ്ഥയാണ് രാജേശ്വരി. ഇന്‍സ്പെക്ടര്‍ രാജേശ്വരിയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തി. ദൃശ്യങ്ങള്‍ വൈറലായതോടെ ഇന്‍സ്പെക്ടര്‍ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. തമിഴ്‌നാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. 14 പേര്‍ക്കാണ് ഇതിനോടകം മഴക്കെടുതികളില്‍ ജീവന്‍ നഷ്ടമായത്. ചെന്നൈ അടക്കം എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം വൈകിട്ട് ആറുമണിയോടെ കരയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.