കനത്ത മഴയില്‍ മുങ്ങി ചെന്നൈ ; 14 മരണം
കനത്ത മഴ തുടരുന്ന ചെന്നൈയില്‍ ഇതുവരെ 14 പേര് മരിച്ചു എന്ന് സര്‍ക്കാര്‍ സ്ഥിതീകരണം. ചെന്നൈ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം കയറിയതോടെ റെയില്‍ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. വെള്ളക്കെട്ട് നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ എയര്‍പോട്ടിലേക്ക് വിമാനങ്ങള്‍ പ്രവേശിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് പ്രവേശനം നിര്‍ത്തിവെച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള യാത്രകള്‍ തുടരും. യാത്രക്കാരുടെ സുരക്ഷയും കാറ്റിന്റെ തീവ്രതയും കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍പോട്ട് അധികൃതര്‍ അറിയിച്ചു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറായി 14 കി.മി വേഗതയില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അല്‍പസമയത്തിനകം തീരം തൊടും. തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കും എട്ടരയ്ക്കും ഇടയിലായി വടക്കന്‍ തമിഴ്‌നാട് – തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ ചെന്നൈയ്ക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം തമിഴ്‌നാട്ടില്‍ കരതൊടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയെന്നാണ് അമേരിക്കന്‍ നേവല്‍ ഏജന്‍സി അറിയിച്ചിട്ടുണ്ട്. എന്നാല്‍ തീവ്രന്യൂനമര്‍ദ്ദമായി തന്നെ ചെന്നൈയ്ക്ക് സമീപം കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
ചെന്നൈ നഗരത്തില്‍ നിലവില്‍ പ്രളയഭീഷണി നിലനില്‍ക്കുകയാണ്. പുതുച്ചേരിയും വെള്ളപ്പൊക്കഭീഷണിയിലാണുള്ളത്. തിരുവള്ളൂര്‍, റാണിപേട്ട്, വെല്ലൂര്‍,തിരുപ്പത്തൂര്‍, തിരുവാന്‍മലൈ, കാഞ്ചീപുരം,ചെങ്കല്‍പ്പേട്ട്, കള്ളക്കുറിച്ചി, സേലം എന്നീ ജില്ലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ വില്ലുപുരം, കടലൂര്‍, കൃഷ്ണഗിരി, ധര്‍മപുരി, നാമക്കല്‍,പേരമ്പലൂര്‍, അരിയല്ലൂര്‍ ജില്ലകളിലും വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലേയും സമീപജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞ നാല് ദിവസമായി അവധിയിലാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും ആളുകള്‍ വീട്ടില്‍ തുടരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് നൂറില്‍ അധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കേറിയതോടെ വലിയ ജനരോഷമാണ് സര്‍ക്കാരിനും ചെന്നൈ കോര്‍പ്പറേഷനും നേരെ ഉയരുന്നത്. 2015-ലെ പ്രളയത്തിന് ശേഷം കൊട്ടിഘോഷിച്ച് കോടികള്‍ ചിലവാക്കി അഴുക്കുചാല്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കിയിട്ടും സ്ഥിതിഗതികളില്‍ മാറ്റമില്ലാത്തതാണ് ജനരോഷമുയരാന്‍ കാരണം. അഞ്ച് വര്‍ഷമായിട്ടും പദ്ധതി അനന്തമായി നീളാന്‍ കാരണം എഐഎഡിഎംകെ സര്‍ക്കാരിന്റെ കഴിവ് കേടാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസത്തിനകം തന്നെ പദ്ധതിയുടെ അറുപത് ശതമാനവും പൂര്‍ത്തിയാക്കിയതായും സ്റ്റാലിന്‍ അവകാശപ്പെട്ടു.








