ധോണി ഞങ്ങളുടെ വല്ല്യേട്ടന്‍ ;2020ലെ ടിട്വന്റി ലോകകപ്പ് വരെ കളിക്കും’ വിമര്‍ശകരുടെ വായടപ്പിച്ച് ആശിഷ് നെഹ്റ
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി-20 യിലെ പരാജയത്തിന് ശേഷം മുന്‍ നായകന്‍ ധോണിയെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് വിമര്‍ശകര്‍. ടിട്വന്റിയില്‍ ധോനിക്ക് പകരം താരത്തെ കണ്ടെത്തേണ്ട സമയമായെന്നും യുവ താരങ്ങള്‍ക്കു വേണ്ടി ധോണി വഴിമാറണമെന്നും മുന്‍ താരങ്ങളായ അജിത് അഗാര്‍ക്കറും വി.വി.എസ് ലക്ഷ്മണനും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ധോണിക്ക് പിന്തുണയമായി രംഗത്തെത്തിയിരിക്കുകയാണ് ആശിഷ് നെഹ്‌റ. ധോണിയുടെ ശരീരം അനുവദിക്കുന്നതു വരെ ടി-20യില്‍ തുടരണമെന്നാണ് നെഹ്‌റയുടെ അഭിപ്രായം. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനോ ക്യാപ്റ്റനോ ആണെങ്കില്‍ ധോനിയെ മൂന്നു വര്‍ഷം കൂടി കളിപ്പിക്കുമെന്നും നെഹ്‌റ വ്യക്തമാക്കി.
‘എല്ലാ വീട്ടിലും ഒരു മുതിര്‍ന്ന ചേട്ടന്‍ ആവശ്യമാണ്. ഇന്ത്യന്‍ ടീമില്‍ ധോനി അങ്ങിനെയാണ്. ടീമിന് തലവേദനയാണെന്ന് തിരിച്ചറിഞ്ഞാല്‍, നന്നായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിരമിക്കുന്നുവെന്ന തീരുമാനമെടുക്കാന്‍ ധോനിക്ക് ഒരു മടിയുമില്ല, അല്ലാതെ കടിച്ചുതൂങ്ങി നില്‍ക്കുകയില്ല. അദ്ദേഹത്തെ വിമര്‍ശിക്കാതെ കളിക്കാന്‍ അനുവദിക്കൂ’ നെഹ്‌റ വ്യക്തമാക്കുന്നു.
‘തന്നോടും രാജ്യത്തോടും സത്യസന്ധത കാണിക്കുന്ന താരമാണ് ധോനി. അതുകൊണ്ട് ധോനി കളിക്കുക തന്നെ വേണം. 2020ലെ ടിട്വന്റി ലോകകപ്പ് വരെ കളിക്കാന്‍ ധോനിക്കാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 39 വയസ്സായിട്ടും എനിക്ക് ഫാസ്റ്റ് ബൗളറാകാന്‍ കഴിയുമെങ്കില്‍ ധോനിക്കും കളിക്കാനാവുന്നതാണ്’ നെഹ്‌റ കൂട്ടിച്ചേര്‍ത്തു.









