സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം; മന്ത്രി സഭ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് രാജിയുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍

തിരുവനന്തപുരം:തോമസ് ചാണ്ടിയുടെ രാജിയിലേക്കെത്തിച്ച കാര്യങ്ങളില്‍ സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിര്‍ണായക മന്ത്രിസഭായോഗത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള സി.പി.ഐയുടെ തീരുമാനം യു.ഡി.എഫിനെ സഹായിച്ചുവെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കൈയ്യടി തങ്ങള്‍ക്കും വിമര്‍ശം മറ്റുള്ളവര്‍ക്കും എന്ന നിലപാട് മുന്നണി സംവിധാനത്തില്‍ നടപ്പാവില്ല. മുന്നണി സംവിധാനത്തില്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സി.പി.ഐ ആലോചിക്കണം. രാവിലെ ഒന്‍പതിന് തന്നെ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉറപ്പിച്ചിരുന്നു. എന്നിട്ടും സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍നിന്ന് മാറി നിന്നു. സി.പി.ഐയുടെ ഈ നിലപാട് പക്വതപരമായുള്ളതായിരുന്നല്ല.ശത്രുക്കളെ സഹായിക്കുന്ന നടപടിയാണ്.

യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലൂടെ സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചു. യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നകാര്യം മുഖ്യമന്ത്രിയെ നേരത്തെ അറിയിക്കണമായിരുന്നു. സി.പി.ഐയുടെ നിലപാടാണ് രാജിക്ക് കാരണമെന്ന് എന്നാരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. രാജി ഞങ്ങളുടെ നിലപാട് മൂലമാണെന്ന ഖ്യാതി നേടാനായിരുന്നു സി.പി.ഐ ശ്രമം. മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിയത് സ്വാഭാവികമായ സമയമെടുത്തതുകൊണ്ടാണെന്നും കോടിയേരി വിശദീകരിച്ചു.

ഇത്തരമൊരു പ്രശ്നത്തിന്റെ പേരില്‍ മുന്നണി ബന്ധം തകരും എന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. മന്ത്രിസഭയില്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനമുണ്ട്. തല്‍ക്കാലം അത് ഒഴിച്ചിടും. രാഷ്ട്രീയവും നയപരവുമായി യാതൊരു അഭിപ്രായ വ്യത്യാസവും സിപിഐയും സിപിഎമ്മും തമ്മില്‍ ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.