ഇ.പി ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന

കണ്ണൂര്‍ : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ മകന്‍ ഡയറക്ടര്‍ ആയ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍ ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ആദായനികുതി വകുപ്പിലെ കൊച്ചിയില്‍നിന്നുള്ള ടിഡിഎസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഇതേ റിസോര്‍ട്ടിനെതിരെ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. ഇ ഡി കൊച്ചി യുണിറ്റാണ് റിസോര്‍ട്ടിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്.

ഇപി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് നേരത്തേ കത്ത് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ടിനായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇപി ജയരാജന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ചിച്ചുള്ള അനുമതികള്‍ നല്‍കാനായി ആന്തൂര്‍ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിരുന്നില്ല.

പി ജയരാജന്‍ ആയുര്‍വേദ റിസോര്‍ട്ടിനെക്കുറിച്ച് സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതോടെയാണ് ഈ വിഷയം വിവാദമായത്. ഇതേത്തുടര്‍ന്ന് ഇ.പി ജയരാജന്‍ സിപിഎം യോഗങ്ങളിലും സംസ്ഥാന സെക്രട്ടറി നടത്തുന്ന ജാഥയില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. അതേസമയം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത് സിപിഎമ്മിനും സര്‍ക്കാരിനും പുതിയ തലവേദനയാകും.