ആഗോളതാപനം മുംബൈയും മംഗളൂരുവും വെള്ളത്തിനടിയിലാകുമെന്ന് നാസ
ആഗോള താപനത്തിന്റെ ഭാഗമായി മഞ്ഞുരുകി വെള്ളത്തിനടിയിലാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട നാസയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങളും ഉള്‍പ്പെട്ടു. തീരദേശ പ്രദേശങ്ങളും രാജ്യത്തെ പ്രധാന നഗരങ്ങളുമായ മംഗളൂരുവും മുംബൈയുമാണ് നൂറുവര്‍ഷത്തിനുള്ളില്‍ സമുദ്ര നിരപ്പ് ഉയര്‍ന്ന് വെള്ളത്തിനടിയിലാകാന്‍ സാധ്യതയുള്ള ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍. ഇതില്‍തന്നെ മംഗളൂരുവിനാണ് കൂടുതല്‍ സാധ്യതയെന്നും നാസയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ മംഗളുരുവിലെ സമുദ്ര നിരപ്പ് 15.98 സെന്റീമീറ്റര്‍ ഉയരും. അതേസമയം തീരദേശ പ്രദേശങ്ങളായ മുംബൈയുടേത് 15.26 സെന്റീമീറ്ററും അമേരിക്കയിലെ ന്യൂയോര്‍ക്കിന്റേത് 10.65 സെന്റീമീറ്ററുമായിരിക്കും ഉയരുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 2050 ഓടെ ഇന്ത്യയിലെ 4 കോടി ജനങ്ങളെയാണ് സമുദ്രനിരപ്പ് ഉയരുന്നത് ബാധിക്കുക. മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ക്കാണ് ഇത് നാശം വിതയ്ക്കുക എന്നും യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാിയിരുന്നു. ഇന്ത്യയുടെ 14000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നഷ്ടമാകുമെന്നും കണക്കാക്കുന്നു. നാസ പുതിയതായി വികസിപ്പിച്ച കാലാവസ്ഥാ ഉപകരണമായ ഗ്രേഡിയന്റ് ഫിന്‍ഗര്‍ പ്രിന്റ് മാപ്പിംഗിന്റെ (ജിഎഫ്പി) സഹായത്തോടെയാണ് ഈ കണ്ടെത്തല്‍. മഞ്ഞുരുകല്‍ ലോകത്തെ പ്രധാന 293 തീരദേശങ്ങളിലെ സമുദ്ര നിരപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താന്‍ സഹായിക്കുന്നവയാണ് ജിഎഫ്പി. മാംഗളൂരു, മുംബൈ, ആന്ധ്രാപ്രദേശിലെ കാക്കിനട എന്നീ പ്രദേശങ്ങള്‍ ജിഎഫ്പിയുടെ നിരീക്ഷണ പരിധിയില്‍ വരും.