ഇസ്മയിലിന്റേത് നാക്കുപിഴ; യോഗം ബഹിഷ്‌കരിച്ചത് സംസ്ഥാന തീരുമാന പ്രകാരം: പ്രകാശ്ബാബു
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ എല്‍.ഡി.എഫിലുണ്ടായ ഭിന്നതക്കു പിന്നാലെ സി.പി.ഐയില്‍ ആശയക്കുഴപ്പം. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതിനെ തള്ളിപ്പറഞ്ഞ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലിനെതിരെ പാര്‍ട്ടി സംസ്ഥാന ഘടകം പ്രതികരണവുമായി രംഗത്തെത്തി. മന്ത്രിമാര്‍ യോഗം ബഹിഷ്‌ക്കരിച്ചതു സംബന്ധിച്ച് പ്രതികരിക്കുമ്പോള്‍ ഇസ്മയില്‍ ജാഗ്രത കാട്ടിയില്ലെന്നു സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി തീരുമാനം കൈക്കൊണ്ട യോഗത്തില്‍ ഇസ്മയില്‍ പങ്കെടുത്തിരുന്നില്ല. ആ യോഗത്തില്‍ തോമസ് ചാണ്ടി വിഷയത്തില്‍ വ്യക്തമായ നിര്‍ദേശം എടുത്തിരുന്നു. അതു പരസ്യമാക്കേണ്ടെന്നുമായിരുന്നു തീരുമാനം. അതിനാല്‍ ഇസ്മയില്‍ തീരുമാനം അറിഞ്ഞിരിക്കില്ല. ഇതാവാം പ്രതികരണത്തിനു പിന്നിലെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്തെങ്കിലും പറഞ്ഞതു കൊണ്ടു പാര്‍ട്ടിയുടെ ശോഭ കെടില്ല. സംസ്ഥാന എക്‌സിക്യൂട്ടിവ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. എല്ലാ കാര്യങ്ങളും ദേശീയ എക്‌സിക്യൂട്ടീവ് അംഗത്തോടു ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സംസ്ഥാനത്തെ കാര്യം സംസ്ഥാന എക്‌സിക്യൂട്ടീവ് ആണ് തീരുമാനിക്കുന്നത്. തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി സെക്രട്ടറിക്കുണ്ട്. 22-നു ചേരുന്ന എക്‌സിക്യൂട്ടിവ് യോഗം പരസ്യ പ്രതികരണം പരിശോധിക്കും. ഇസ്മയിലിന്റേതു നാക്കുപിഴയാണെന്നു കരുതുന്നതായി പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് സി.പി.ഐയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യും. തന്നോട് പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല എന്ന് കഴിഞ്ഞ ദിവസം കെ.ഇ ഇസ്മയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.