തോമസ് ചാണ്ടിക്കെതിരെ തടസ്സ ഹര്‍ജിയുമായി സിപിഐ നേതാവ്;ഹര്‍ജി സിപിഐ നേതൃത്വത്തിന്റെ അനുമതിയോടെ

ന്യൂഡല്‍ഹി:കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിനെതിരെ തടസ്സ ഹര്‍ജിയുമായി സി.പി.ഐ നേതാവ് . സി.പി.ഐ കര്‍ഷക സംഘടന നേതാവ് ടി.എന്‍ മുകുന്ദനാണ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയത്. സി.പി.ഐ നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ സി.പി.എം നോമിനികളായതിനാല്‍ റവന്യൂ മന്ത്രിയുടെ നിലപാടിന് വിരുദ്ധമാകുമെന്ന് ആശങ്കയുള്ളതിനാലാണ് സി.പി.ഐ തടസ്സ ഹര്‍ജി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശനത്തിനെതിരേ കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിവിധിക്കും കളക്ടറുടെ അന്വേഷണറിപ്പോര്‍ട്ടിനും ഇടക്കാല സ്റ്റേ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ആലപ്പുഴ കളക്ടര്‍ അര്‍ധ ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെയാണ് താന്‍ ചോദ്യംചെയ്തതെന്ന് തോമസ് ചാണ്ടി ഹര്‍ജിയില്‍ വ്യക്തമാക്കി. തന്റെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചോദ്യംചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കുന്ന വിഷയമല്ലെന്നും,വ്യക്തിയെന്ന നിലയ്ക്കാണ് കജോദത്തിന്റെ സമീപിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.