തിരുവഞ്ചൂരിന് ഭഗവാന്‍ കൃഷ്ണന്റെ നിറവും സ്വഭാവവുമാണെന്ന് എംഎം മണി; ‘കരിക്ക്’ കുടിക്കാന്‍ പോയ കാര്യം എല്ലാര്‍ക്കുമറിയാമെന്ന് പരിഹാസ വര്‍ഷം
ഇടുക്കി: സി.പി.ഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പരിഹാസ വര്‍ഷവുമായി മന്ത്രി എം.എം മണി. തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും സ്വഭാവമാണെന്ന് എം.എം മണി പരിഹസിച്ചു. അദ്ദേഹം കരിക്ക് കുടിക്കാന്‍ പോയ കാര്യങ്ങളൊന്നും പറയേണ്ടതില്ലല്ലൊയെന്നും മന്ത്രി എം.എം മണി പറഞ്ഞു.
ഇടുതസര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വം ഉണ്ട്. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മുന്നണിയെന്ന നിലയില്‍ ഞങ്ങള്‍ ശക്തിയോടെ മുന്നോട്ട് പോകും. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ള പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാണ്. അതിനാല്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്.അത് കാര്യമായെടുക്കേണ്ട. യോജിച്ച് തന്നെ പോകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല’. മന്ത്രി പറഞ്ഞു.
എം.പിയുടെ പട്ടയം റദ്ദാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ താന്‍ മാപ്പ് പറയണമെന്ന സി.പി.ഐയുടെ ആവശ്യം മണി തള്ളി. അതൊക്കെ സി.പി.ഐ ചുമ്മാതെ വാചകമടിക്കുന്നതാണെന്നും താന്‍ മാപ്പ് പറയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും എം.എം.മണി കൂട്ടിച്ചേര്‍ത്തു.
കുറിഞ്ഞി ഉദ്യാനം മന്ത്രിസഭാ ഉപസമിതി ഉടന്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.