തോല്‍വിക്ക് പുറമെ; നാണക്കേടിന്റെ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ധര്‍മശാല:തുടര്‍ജയങ്ങളുടെ ചിറകിലേറി കുത്തിക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേറ്റ കനത്ത ആഘാതമായിരുന്നു ധര്‍മശാലയില്‍, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലേറ്റ കനത്ത തോല്‍വി.കരുത്തുറ്റ ബാറ്റിങ് നിരയുള്ള ഇന്ത്യ ശ്രീലങ്കന്‍ ബൗളിങ്ങിന് മുന്‍പില്‍ ദുര്‍ബലമായ സ്‌കോറിന് തകര്‍ന്നടിഞ്ഞപ്പോള്‍ നാണക്കേടിന്റെ പുതിയൊരു ലോക റെക്കോര്‍ഡ് ഏറ്റു  വാങ്ങി.

ആദ്യ പത്ത് ഓവറില്‍ ലോകത്തെ ഒരു ടീമും നേടിയിട്ടില്ലാത്ത സ്‌കോര്‍ നേടിയാണ് ഇന്ത്യ നാണക്കേടിന്റെ പടുകുഴിയില്‍ വീണത്.ഇന്നലത്തെ മത്സരത്തില്‍, പത്ത് ഓവറില്‍ 11 റണ്‍സിന് 3 എന്ന നിലയിലായിരുന്നു ഇന്ത്യ.ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ സിംബാബ് വേയുടെ പേരിലാണ്. 2004ല്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിന് അവര്‍ പുറത്തായിരുന്നു. ഈ റെക്കോര്‍ഡ് ഇന്ത്യ ഭേദിച്ചേക്കുമോ എന്ന് ആരാധകര്‍ ആശങ്കപ്പെട്ടെങ്കിലും ധോണിയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയെ നൂറുകടത്തി. 2000-ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 54 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്‌കോര്‍.

ശ്രീലങ്കന്‍ പേസര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ധര്‍മശാലയില്‍ ഇന്ത്യയുടെ വിധിയെഴുതിയത്. ക്യാപ്റ്റന്‍ കോലിയില്ലാതെ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ ധോണി ഒഴികെ മറ്റൊരു താരവും ക്ഷമയോടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചില്ല. ഇതോടെ, സ്വന്തം നാട്ടില്‍ ഇന്ത്യയോട് 5-0 എന്ന സ്‌കോറിന് അടിയറവ് പറഞ്ഞ ശ്രീലങ്കയ്ക്ക് ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരം പകരംവീട്ടല്‍ കൂടിയായി.