മുംബൈയില്‍ വന്‍തീപിടിത്തം; 15 മരണം

മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തതില്‍ 15 മരണം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റതില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്.

നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടിനുള്ളിലെ മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്.അരമണിക്കൂറിനുള്ളില്‍ സമീപത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ തീപ്പിടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്ത് നിന്നാണ്. തീപ്പിടിത്തമുണ്ടായതോടെ ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ പൂര്‍ണമായും കെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

37 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കമല മില്‍സ് രാത്രികാല ഷോപ്പിങ്ങിനു പേരുകേട്ട സ്ഥലമാണ്.