സിആര്‍പിഎഫ് കേന്ദ്രത്തില്‍ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്‍മീരില്‍ സിആര്‍പിഫ് കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാല് സൈനികര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുലര്‍ച്ചെ രണ്ട് മണിയ്‌ക്കാണ് പുല്‍വാമയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ലെത്പോറയില്‍ സിആര്‍പിഎഫിന്‍റെ 185 ബറ്റാലിയന്‍റെ പരിശീലന തേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. ഗ്രനേഡ് എറിഞ്ഞ ശേഷം സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവയ്‌ക്കുകയായിരുന്നു. നാല് നിലക്കെട്ടിടത്തില്‍ കയറിയ ഭീകരരെ കൂടുതല്‍ സൈനികരും പൊലീസുമെത്തിയാണ് നേരിട്ടത്.

കെട്ടിടത്തിനികത്തുണ്ടായിരുന്ന സൈനികരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ച ശേഷമായിരുന്നു സൈനിക നടപടി. സൈനിക നടപടിയ്‌ക്കിടെ ഹൃദയാഘാതം കാരണമാണ് ഒരു സൈനികന്‍ മരിച്ചത്. ദേശീയപാതയ്‌ക്ക് സമീപത്തുള്ള സിആര്‍പിഎഫ് കേന്ദ്രത്തിലായിരുന്നു ആക്രമണം. ദേശീയപാത അടച്ചു.പുല്‍വാമയില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു. കഴിഞ്ഞ ദിവസം ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ നൂര്‍ മുഹമ്മദിനെ സൈന്യം വധിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഭീകരര്‍ ആക്രമണം നടത്തിയത്. കരസേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ ജമ്മുകശ്‍മീര്‍ സന്ദര്‍ശനത്തിന് പിറ്റേന്നാണ് ഭീകരാക്രമണമുണ്ടായത്.മറ്റ് സൈനിക പോസ്റ്റുകള്‍ക്കുനേരെയും ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അതിനിടെ നൗഷേരയില്‍ പാകിസ്ഥാന്‍റെ വെടിവയ്പ്പില്‍ ഒരു ജവാന്‍ മരിച്ചു.