ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയം ലക്ഷ്യമിട്ട് കോഹ്ലിയും സംഘവും ഇന്നിറങ്ങുന്നു
കേപ് ടൗണ്‍:തുടര്‍ പരമ്പര നേട്ടങ്ങളുടെ ആത്മവിശ്വാസത്തിലാണ് കൊഹ്ലിപ്പട ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെട്ടത്.ഇന്ന് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് കോഹ്ലിക്കും കൂട്ടര്‍ക്കും മുന്നിലുള്ളത്.ന്യൂലാന്‍ഡ്‌സില്‍ ഉച്ചയ്ക്ക് 2-നാണ് മത്സരം. ഒമ്പത് മാസത്തെ ഇടവേളയ്ക്കുശേഷം ആദ്യമായാണ് ഇന്ത്യ വിദേശമണ്ണില്‍ കളിക്കാനൊരുങ്ങുന്നത്. ‘ഫ്രീഡം സീരീസ്’ എന്നാണ് പരമ്പര അറിയപ്പെടുക.
ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്.നിലവില്‍ ഒന്നാം റാങ്കിലാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ആറ് മത്സരപരമ്പര കളിച്ച ഇന്ത്യക്ക് ഇതുവരെ ഒരു പരമ്പര നേട്ടം പോലും സ്വന്തമാക്കന്‍ കഴിഞ്ഞിട്ടില്ല. രണ്ട് ടെസ്റ്റുകളില്‍ വിജയിച്ചപ്പോള്‍ എട്ട് തോല്‍വിയും ഏഴ് സമനിലയുമാണ് ലഭിച്ചത്. മൂന്ന് ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ കളിക്കുക. രണ്ടു മാസം നീളുന്നതാണ് പര്യടനം. ഇരുടീമിന്റെയും ബൗളിംഗ് പ്രകടനത്തോടൊപ്പം ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരും ഇന്ത്യന്‍ കരുത്തായ ബാറ്റ്‌സ്മാന്‍മാരും തമ്മിലുള്ള പോരാട്ടമാകും ഏവരും ഉറ്റുനോക്കുന്നത്. .
ബൗണ്‍സിന് പേരുകേട്ടതാണ് ന്യൂലാന്‍ഡ്‌സിലെ പിച്ച്. പരുക്കില്‍ നിന്ന് മുക്തനായെങ്കിലും ഡെയ്ല്‍ സ്റ്റെയിന്‍ കളിക്കുമോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേയമയം മോണി മോര്‍ക്കലും, വെറോണ്‍ ഫിലാന്‍ഡറും ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കും. വേഗം കുറവാണെങ്കിലും അപ്രതീക്ഷിത ബൗണ്‍സറുകള്‍ എറിയാന്‍ മിടുക്കനാണ് മോര്‍ക്കല്‍. പരുക്കുമൂലം ഏറെക്കാലം പുറത്തു നില്‍ക്കേണ്ടിവന്ന ഈ ഏഴടിക്കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചതും ഈ മികവുകൊണ്ട് തന്നെ. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ അപകടകാരിയാണ് ഫിലാന്‍ഡര്‍. ഇടങ്കയ്യന്‍ സ്പിന്നര്‍ കേശവ് മഹാരാജ് കൂടി ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിര കീഴടക്കുക ഇന്ത്യക്ക് വെല്ലുവിളിയാകും
പക്ഷെ സമീപകാല പ്രകടനം നോക്കിയാല്‍ ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെ മുന്നില്‍ വേഗത്തിലുപരി ഏതുപിച്ചിലും ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള ഭുവനേശ്വറിന്റെ മിടുക്കാണ് ശ്രദ്ധേയം.ബൗണ്‍സറുകളും ഈ ബൗളറുടെ പ്രത്യേകതയാണ്. ദക്ഷണാഫ്രിക്കന്‍ പിച്ചുകളില്‍ ഈ മികവ് ഇന്ത്യക്ക് ഗുണം ചെയ്യും. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പം ജസ്പ്രീത് ബുമ്ര കൂടി ചേരുമ്പോള്‍ പേസ് നിര പൂര്‍ണമാകും. ഒപ്പം ബൗളിംഗ് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനവും ഉപയോഗപ്പെടുത്താം. സ്പിന്നില്‍ ആര്‍ അശ്വിന്‍ എതിരാളികള്‍ക്ക് ഭീഷണിയാകും എങ്കിലും ലോകോത്തര നിരയുടെ വിദേശമണ്ണിലെ പ്രകടനം ഇന്ന് വിലയിരുത്തപ്പെടും.