അങ്ങനെ യേശു ക്രിസ്തുവും കമ്മ്യൂണിസ്റ്റ് ആയി ; സിപിഐ സമ്മേളന വേദിയില്‍ യേശുവിന്‍റെ ചിത്രവും
ആലപ്പുഴ : കടുത്ത നിരീശ്വരവാദികള്‍ ആയിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭക്തി മാര്‍ഗം സ്വീകരിച്ചിട്ട് കാലം കുറേയായി. പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ നടക്കുന്ന വേളകളിലാണ് അവരുടെ ദൈവവിശ്വാസം പുറത്തു വരുന്നത്. അയ്യങ്കാളി , ഭഗത് സിംഗ്, ശ്രീനാരായണ ഗുരു , സ്വാമി വിവേകാനന്ദന്‍ ഇവരൊക്കെ സമ്മേളന സമയങ്ങളില്‍ ഫ്ലെക്സ് ആയും ബാനര്‍ ആയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗം ആകാറുണ്ട്. ആ ഗണത്തില്‍ അവസാനമായി എത്തപ്പെട്ട കമ്മ്യൂണിസ്റ്റ് ആണ് സാക്ഷാല്‍ യേശു ക്രിസ്തു. തലവടി സിപിഐ ലോക്കല്‍ സമ്മേളന വേദിയിലാണ് ക്രിസ്തുവിന്റെ ചിത്രവും സ്ഥാനം പിടിച്ചത്. പതിവുപോലെ അയ്യങ്കാളിയുടേയും ഭഗത് സിംഗിന്റെയും ശ്രീനാരായണ ഗുരുവിന്റേയുമൊക്കെ ചിത്രങ്ങള്‍ പ്രവേശന കവാടത്തില്‍ തന്നെയുണ്ട്.
അതിനൊപ്പമാണ് യേശു ക്രിസ്തുവിന്റെയും ചിത്രം വെച്ചിരിക്കുന്നത്. ഇപ്പോള്‍ സമ്മേളനത്തേക്കാള്‍ പ്രാധാന്യം കിട്ടിയിരിക്കുന്നത് ഈ ചിത്രത്തിനാണ്. യേശുക്രിസ്തുവിന്റെ ഫോട്ടോ വെച്ചുള്ള സമ്മേളന വേദി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം നവോത്ഥാന നായകനെന്ന നിലയിലാണ് ക്രിസ്തുവിന്റെ ചിത്രം വെച്ചതെന്നും അതില്‍ എന്ത് തെറ്റെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ ചോദ്യം.