സ്ത്രീകള്‍ക്ക് ഇനി മദ്യം വാങ്ങുവാന്‍ കഴിയില്ല ; നിയമം പുനസ്ഥാപിച്ചു സര്‍ക്കാര്‍ തീരുമാനം

ശ്രീലങ്കയിലാണ് മദ്യം വാങ്ങുന്നതിന് വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മൂന്ന് ദിവസം മുമ്പാണ് മദ്യം വാങ്ങുന്നതിനും മദ്യ നിര്‍മ്മാണ വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നതിനും വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമവീര ഒപ്പുവച്ചത്. ഇത് പ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് സ്ത്രീകള്‍ക്ക് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി തേടേണ്ടതില്ലെന്ന അവസ്ഥയും നിലവില്‍ വന്നു.

എന്നാല്‍ നിരോധനം നീക്കിയ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് നാല്പത് വര്‍ഷമായി തുടര്‍ന്ന് വന്ന നിരോധനം പുനസ്ഥാപിക്കുകയാണെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിചത്. രാജ്യത്തെ ബുദ്ധമത വിശ്വാസികളുടെ എതിര്‍പ്പാണ് തീരുമാനം മാറ്റിയതിന് പിന്നിലെന്ന് വിലയിരുത്തലുകളുണ്ട്. അതേസമയം, വനിതകള്‍ക്ക് മദ്യ നിര്‍മ്മാണ വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നതിനേര്‍പ്പെടുത്തിയ വിലക്കും പുനസ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.