ജോലിക്കു നില്‍ക്കുന്ന ബന്ധുവീട്ടില്‍ മോഷണം ; വൃദ്ധ പോലീസ് കസ്റ്റഡിയില്‍

ജോലി ചെയ്യുന്ന ബന്ധു വീട്ടില്‍ കവര്‍ച്ച നടത്തിയ വൃദ്ധയെ തെളിവെടുപ്പിനായി കസ്റ്റഡി ആവശ്യപെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. കവര്‍ച്ച നടന്ന കളരിക്കല്‍ മോഹനന്റെ വീട്ടില്‍ നിന്നും മുമ്പും സ്വര്‍ണ്ണം പോയിട്ടുണ്ടെന്ന പരാതിയെകുറിച്ചുള്ള ചോദ്യം ചെയ്യലും ഇതിനുശേഷം ഉണ്ടാകും. വീട്ടു വേലക്കാരി പത്മിനിക്ക് പിന്നില്‍ മറ്റെങ്കിലുമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. മൂവാറ്റുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടുജോലിക്കാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോലിക്കാരിയില്‍ നിന്നും 55 ഗ്രാം സ്വര്‍ണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. മൂവാറ്റുപുഴ കളരിക്കല്‍ മോഹനന്റെ വീട്ടില്‍ മാര്‍ച്ച് ഒന്നിനാണ് മോഷണം നടന്നത്.മോഹനന്റെ അകന്ന് ബന്ധുകൂടിയായ ജോലിക്കാരി പത്മിനിയെ പൂട്ടിയിട്ട് പകല്‍ 11 മണിക്ക് അക്രമം നടത്തി എന്നായിരുന്നു പരാതി.

വീട് വൃത്തിയാക്കി കൊണ്ടിരുന്ന തന്നെ മുഖം മൂടി ധരിച്ചെത്തിയ ആള്‍ പുറകില്‍നിന്നും കടന്നുപിടിച്ച് വായില്‍ ടവ്വല്‍ തിരുകി ശുചിമുറിയില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി നല്‍കിയ മൊഴി. കവര്‍ച്ചയില്‍ മോഹനന്റെ മരിച്ചുപോയ ഭാര്യയുടെയും, മക്കളുടെയും, ചെറുമക്കളുടെയും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പത്മിനിയെ പലതവണ ചോദ്യം ചെയ്തപ്പോള്‍ തോന്നിയ പൊരുത്തക്കേടുകള്‍ ആണ് ഇവരിലേക്ക് തന്നെ അന്വേഷണം എത്തുന്നത്. വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയും പത്മിനിക്കെതിരായിരുന്നു. തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലില്‍ പത്മിനി കുറ്റം സമ്മതിച്ചു. കവര്‍ച്ചയില്‍ മറ്റാരും പങ്കെടുത്തിട്ടില്ല എന്നാണ് പത്മിനി നല്‍കുന്ന മൊഴി. വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ നടത്തിയ നാടകം ആണെന്നും പത്മിനി പൊലീസിനെ അറിയിച്ചിട്ടുണ്ട്.ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 55 ഗ്രാം ആഭരണങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി പത്മിനി മോഹനന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്.