അഭിസാരിക, അവിഹിതം, വേശ്യ പദങ്ങള്‍ പാടില്ല: സ്ത്രീകള്‍ക്ക് എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കരുതെന്നുള്ള മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതി ഉത്തരവുകളില്‍ ജഡ്ജിമാര്‍ക്ക് സ്ത്രീകള്‍ക്ക് എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കരുതെന്നുള്ള മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. വിധികളില്‍ വിശേഷിപ്പിക്കുന്ന ചില സ്ത്രീവിരുദ്ധ സ്റ്റീരിയോടൈപ്പ് പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ക്കായി സുപ്രീംകോടതി ഗൈഡ് പുറത്തിറിക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഗൈഡ് പ്രകാശനം ചെയ്തു.

നിയമ നടപടികളില്‍ ലിംഗനീതി ഉറപ്പാക്കാനുള്ള വലിയ ബോധവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ് സുപ്രീംകോടതി നടപടി. ലിംഗനീതിക്ക് നിരക്കാത്തതും, എന്നാല്‍ ഉപയോഗിച്ച് തഴക്കം വന്നതുമായ വാക്കുകളും പ്രയോഗങ്ങളും പട്ടികപ്പെടുത്തി, കോടതി ഉത്തരവുകളില്‍ അവ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഗൈഡ് ആണ് സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയത്.

‘ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുടകളെ ചെറുക്കുന്നതിനുള്ള ശൈലീപുസ്തകം’ എന്നാണ് പ്രകാശന വേളയില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇതിനെ വിശേഷിപ്പിച്ചത്. പുസ്തകത്തിന്റെ പ്രകാശന വേളയില്‍, മുന്‍കാല കോടതി വിധികളില്‍ സ്ത്രീകളെ കുറിച്ച് ഉപയോഗിച്ചിരുന്ന നിന്ദ്യമായ നിരവധി വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. കോടതി വിധികളില്‍ സ്ത്രീകളെ വിശേഷിപ്പിച്ച ഈ വാക്കുകള്‍ അനുചിതമാണ്.

ഒഴിവാക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍ എന്നിവയാണ് കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൈപുസ്തക പ്രകാരം അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുത്. അഭിസാരിക എന്നതിന് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ’ എന്നാണ് ഉപയോഗിക്കേണ്ടത്. അവിഹിതത്തിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം (Affair) എന്ന് പറയുന്നതിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്ന് കൃത്യമായി പറഞ്ഞിരിക്കണം.

കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം ‘ലൈംഗിക വേഴ്ച’ എന്ന് മാത്രം പറഞ്ഞാല്‍ മതി. വേശ്യ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണം. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാല്‍ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം ‘മനുഷ്യക്കടത്തിന് ഇരയായ കുട്ടി’ എന്നാണ് ഇനി മുതല്‍ പറയേണ്ടത്.

ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം എന്ന് പറയുന്നതിന് പകരം ‘ബലാത്സംഗം’ എന്ന് പറഞ്ഞാല്‍ മതി. ‘തെരുവില്‍ നടക്കുന്ന ലൈംഗിക അതിക്രമം’ എന്നാണ് പൂവാലശല്യത്തെ ഇനി മുതല്‍ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ‘ഇരകള്‍’ എന്നോ, ‘അതിജീവിതകള്‍’ എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അവിവാഹിതയായ അമ്മ എന്നതിന് പകരം ‘അമ്മ’ എന്നാണ് ഇനിമുതല്‍ ഉപയോഗിക്കേണ്ടത്.

കര്‍ത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതല്‍ ‘ഭാര്യ’ എന്ന് ഉപയോഗിച്ചാല്‍ മതി. വീട്ടമ്മ എന്നതിന് പകരം ‘ഗാര്‍ഹിക പരിപാലനം നടത്തുന്നവര്‍’ എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യന്‍ വനിത, പാശ്ചാത്യ വനിത എന്നിവയ്ക്ക് പകരം ‘വനിത’ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ കൈപുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ലിംഗപരമായ സ്റ്റീരിയോ ടൈപ്പ് പ്രയോഗങ്ങള്‍ തടയുന്നതിനുള്ള ഒരു ശൈലീ പുസ്തകം പണിപ്പുരയിലാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു. ഒരാളുമായി ഒരു സ്ത്രീ ബന്ധത്തിലായിരിക്കുമ്പോള്‍ ‘വെപ്പാട്ടി’ എന്ന് പരാമര്‍ശിക്കുന്ന വിധിന്യായങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മറ്റു ചില വിധികളില്‍ സ്ത്രീകളെ ‘കീപ്പ്’ എന്ന് വിശേഷിപ്പിക്കുന്നതും കണ്ടു എന്നുമായിരുന്നു ഈ കൈപ്പുസ്തകം തയ്യാറാക്കുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.