വിധികള്‍ പ്രാദേശിക ഭാഷയിലേയ്ക്ക്: സുപ്രീം കോടതിയെ അഭിനന്ദിച്ച് മോദി
ന്യൂഡല്‍ഹി: കോടതിവിധികള്‍ പ്രാദേശിക ഭാഷയിലും ലഭ്യമാക്കണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ സ്വാതന്ത്രദിനാഘോഷ പരിപാടിയില്‍ വെച്ച് സംസാരിക്കവെയായിരുന്നു മോദി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തില്‍ നന്ദി അറിയിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകളെ കൈകൂപ്പി സ്വാഗതം ചെയ്യുന്ന ചീഫ് ജസ്റ്റിഡ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
90 മിനിറ്റ് നീളുന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗത്തിനിടെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണെന്ന് പറഞ്ഞ മോദി, സുപ്രീം കോടതി വിധികള്‍ മാതൃഭാഷകളിലും ലഭ്യമാക്കാനുള്ള നിര്‍ദേശത്തിന് നന്ദി അറിയിക്കുന്നുവെന്നും പ്രസംഗത്തില്‍ പറഞ്ഞു.
9423 വിധികള്‍ സുപ്രീം കോടതി പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. ഇതുവരെ സുപ്രീം കോടതിയുടെ 9423 വിധികള്‍ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലേക്ക് 8977 വിധികളും പരിഭാഷപ്പെടുത്തി. അധികം വൈകാതെ തന്നെ അസമീസ്, ബെംഗാളി, ഗാരോ, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു അടക്കമുള്ള ഭാഷകളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാ ഭാഷകളിലും വിധികള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന് പിന്നിലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.