അപകടകാരികളായ നായ്ക്കളെ ഇല്ലാതാക്കാന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടിവിച്ച് സുപ്രീം കോടതി: മൃഗസ്‌നേഹികളുടെ ആവശ്യം തള്ളി കോടതി
ന്യൂഡല്‍ഹി: തെരുവ് നായ ശല്യത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. ആശുപത്രികള്‍, സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായകളെ അടിയന്തരമായി മാറ്റണമെന്ന തങ്ങളുടെ മുന്‍ ഉത്തരവ് പരിഷ്‌കരിക്കാന്‍ കോടതി വിസമ്മതിച്ചു. ഇതിനായി മൃഗസ്‌നേഹികളും സംഘടനകളും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന, നായകളെ കൊല്ലാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി.അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. തെരുവ് നായ ശല്യം തടയുന്നതിനായി കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് എഫ്‌ഐആറോ മറ്റ് ക്രിമിനല്‍ നടപടികളോ സ്വീകരിക്കാന്‍ പാടില്ല. നല്ല ഉദ്ദേശത്തോടെയുള്ള ഔദ്യോഗിക നടപടികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കണം.
നായ്ക്കളുടെ ആക്രമണ ഭയമില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസോടെയുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കടുത്ത വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു. 2001 മുതല്‍ നിലവിലുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെ നടത്തിയ വന്ധ്യംകരണ പദ്ധതികള്‍ ഫലം കണ്ടില്ല.
ഉത്തരവുകള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികള്‍ സ്വമേധയാ കേസെടുത്ത് നിരീക്ഷണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ ഉത്തരവുകള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന നഗരസഭാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും കോടതി അലക്ഷ്യ നടപടികള്‍ക്കും അച്ചടക്ക നടപടികള്‍ക്കും വിധേയരാകേണ്ടി വരും.
കുട്ടികളും പ്രായമായവരും വിദേശ വിനോദസഞ്ചാരികളും തെരുവ് നായ ആക്രമണത്തിന് ഇരയാകുന്ന കഠിനമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കോടതിക്ക് കണ്ണടയ്ക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ശാരീരിക ബലമുള്ളവന് മാത്രം അതിജീവിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തെയല്ല ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. തെരുവ് നായ ആക്രമണങ്ങള്‍ അതിരൂക്ഷമാകുമ്പോള്‍ സര്‍ക്കാരിന് നിശബ്ദ കാഴ്ചക്കാരായി ഇരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ശക്തമായ ഭാഷയില്‍ ഓര്‍മ്മിപ്പിച്ചു.
ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു എബിസി സെന്ററെങ്കിലും സ്ഥാപിക്കണമെന്നും, പൊതുസ്ഥലങ്ങളില്‍ നിന്ന് മാറ്റുന്ന നായ്ക്കളെ കൃത്യമായി വന്ധ്യംകരിച്ച് മാറ്റിപ്പാര്‍പ്പിക്കാനുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളും കോടതി തള്ളി.









