ഡല്‍ഹിയിലുണ്ടായ അഗ്നിബാധയില്‍ 17 പേര്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ വെന്തുമരിച്ചു. ബവാനയിലെ ഇന്‍ഡസ്ട്രിയിൽ ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്. ബവാന പ്രദേശത്തെ സെക്ടർ അഞ്ചിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പത്ത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഫാക്ടറിയുടെ മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

താഴത്തെ നിലയിലെ കാർപ്പെറ്റ് ഫാക്ടറിയിൽ നിന്നാണ് തീപടർന്നത്. മുകൾ നിലകളിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലേക്കും പടക്ക നിർമ്മാണ ശാലയിലേക്കും തീപടരുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി രണ്ടാം നിലയിൽ നിന്ന് ചാടി ഒരാളുടെ കാലൊടിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. തീപിടിത്തം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി സത്യേന്ദര്‍ ജയിനും പറഞ്ഞു.