യു പിയില്‍ സമുദായ സംഘര്‍ഷം ; 144 പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റിനും നിരോധനം
യു പിയില്‍ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ഇതിനെ തുടര്‍ന്ന്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ജില്ലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെ നെഞ്ചില്‍ വെടിയേറ്റ് 22 കാരനായ ചന്ദന്‍ ഗുപ്ത എന്ന യുവാവ് മരിച്ചിരുന്നു. തുടര്‍ന്ന്‍ ശനിയാഴ്ച നടന്ന ശവസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം കസ്ഗഞ്ച് നഗരത്തിലെ പ്രധാന മാര്‍ക്കറ്റിലുള്ള നിരവധി കടകള്‍ അക്രമണകാരികള്‍ തീവെച്ചു നശിപ്പിച്ചു. രണ്ടു ബസുകളും അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച രാത്രിയും നഗരത്തിന്റെ പലയിടങ്ങളിലും അക്രമങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരങ്കയാത്ര എന്ന പേരില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.