യു എ യില്‍ ബാങ്കുകളെ പറ്റിച്ച് പതിനായിരം കോടി വെട്ടിച്ചക്കേസില്‍ മലയാളികളും ; പിന്നില്‍ അഞ്ഞൂറിലേറെപേര്‍

വ്യാജരേഖകള്‍ കാട്ടി യു.എ.ഇ.യിലെ വിവിധ ബാങ്കുകളെ വഞ്ചിച്ച് മലയാളികള്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തത് 10,000 കോടിയോളം രൂപ. അഞ്ഞൂറിലേറെപ്പേരാണ് ഈ തട്ടിപ്പിന് പിന്നില്‍ ഉള്ളത്. നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ ഖൈമ, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ദോഹ ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍, അറബ് ബാങ്ക്, നാഷണല്‍ ഫുജൈറ എന്നിവയാണ് വഞ്ചിക്കപ്പെട്ടത്. ഇത്തരം 39 കേസുകള്‍ ഇപ്പോള്‍ത്തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുണ്ട്. ക്രൈംബ്രാഞ്ച് സി.ഐ.ഡി. വിഭാഗമാണ് അന്വേഷിക്കുന്നത്. 18 മലയാളികള്‍ പ്രതികളായുണ്ട്. നാല് ബാങ്കുകളാണ് ഇപ്പോള്‍ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുന്നത്. അതേസമയം മറ്റു നാല് ബാങ്കുകള്‍കൂടി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിക്കഴിഞ്ഞു. പ്രതികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാട്ടിലാണ്. ഇവര്‍ക്കെതിരേ കേരളത്തില്‍ നിയമനടപടികള്‍ തുടങ്ങാനാണ് ബാങ്കുകളുടെ തീരുമാനം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസുകളുടെ വിചാരണ നടക്കുക.

പ്രതികളായ മലയാളികള്‍ കൂടുതല്‍പേരും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ്. തട്ടിപ്പ് നടന്നത് ദുബായിലാണെങ്കിലും ക്രിമിനല്‍ നിയമനടപടി പ്രകാരം എറണാകുളത്ത് കേസ് നടത്താന്‍ കഴിയും. കേസുകളുടെ എണ്ണം കൂടുന്നതോടെ വിചാരണയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരും. അങ്ങനെയെങ്കില്‍ പ്രത്യേകകോടതി ഇതിനായി ഉണ്ടാക്കാന്‍ പോലീസിന് ആവശ്യപ്പെടാം. കേരളത്തിനുപുറത്തുള്ള പ്രതികള്‍ കേസിലുള്ളത് പോലീസിന്റെ ജോലിഭാരം കൂട്ടും. വ്യാജ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയാണ് ബാങ്കുകളില്‍നിന്ന് പണം തട്ടിയിരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നപ്പോള്‍ ബാങ്ക് അധികൃതര്‍ സ്ഥാപനങ്ങളെല്ലാം സന്ദര്‍ശിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, ഭീമമായ തുകയ്ക്കുള്ള ചരക്കോ വിറ്റുവരവുസംബന്ധിച്ച തെളിവോ ഉണ്ടായിരുന്നില്ല. ചില സ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുകയായിരുന്നു. ഒരു യു.എ.ഇ. ബാങ്ക് തയ്യാറാക്കിയ പട്ടികയില്‍ത്തന്നെ 88 പ്രതികളുണ്ട്. തട്ടിച്ച തുക 1200 കോടിയോളം വരും. പ്രതികളുടെ ഓഫീസുകള്‍ അന്വേഷിച്ച് ബാങ്ക് പ്രതിനിധികള്‍ എത്തിയപ്പോള്‍ പലതും പൂട്ടിക്കിടക്കുന്നതായി കണ്ടു. ചില പ്രതികള്‍ നല്‍കിയ പാസ്‌പോര്‍ട്ട് വിശദാംശങ്ങളും വ്യാജമാണെന്ന് കണ്ടെത്തി.