കേരളം കണ്ടു പഠിക്കണം ; ചുട്ടുപഴുത്ത മരുഭൂമിയില്‍ 400 ഹെക്ടര്‍ ഗോതമ്പുപാടം തയ്യാറാക്കി ഷാര്‍ജ
കൃഷിക്ക് ഏറെ സാധ്യതകള്‍ ഉള്ള മണ്ണാണ് കേരളത്തില്‍ ഉള്ളത്. എന്നാലും ഇപ്പോള്‍ എല്ലാത്തിനും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. സര്‍ക്കാരുകളും ഒന്നും ചെയ്യുന്നില്ല എന്നത് മറ്റൊരു സത്യം. ഇവിടെ ഉള്ളവ നന്നാക്കി എടുക്കാതെ കൃഷി പഠിക്കാന്‍ എന്ന പേരില്‍ വേറെ രാജ്യങ്ങളില്‍ കറക്കമാണ് നമ്മുടെ കൃഷി വകുപ്പിന്റെ പ്രധാനപണി. ഉള്ള കൃഷിയിടങ്ങള്‍ നികത്തിയും അല്ലാത്തവ തരിശായി കിടന്നു നശിക്കുകയും ചെയ്യുന്ന കേരളത്തിന് മാതൃക ആവുകയാണ് ഷാര്‍ജ. മരുഭൂമിയാല്‍ ചുറ്റപ്പെട്ട ആ നാട് ഇപ്പോള്‍ കൃഷിയില്‍ മുന്നേറുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. മരുഭൂമിയില്‍ പാടം കണ്ടിട്ടുണ്ടോ? പച്ചപ്പ് പുതച്ച് ഏക്കറുകണക്കിന് വിരിഞ്ഞുവിളവെടുക്കാറായി നില്‍ക്കുന്ന ഗോതമ്പുപാടങ്ങള്‍? ഷാര്‍ജയിലെ മലീഹയിലെ ഈ മനോഹരമായ ഗോതമ്പ് പാടം ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമുള്ള ഒരു ഭരണകൂടത്തിന്റെ നേട്ടം കൂടിയാണ്.
നൂറുകണക്കിനാളുകളാണ് ദിവസേന ഷാര്‍ദ മലീഹയിലെ ഈ ഗോതമ്പുപാടം കാണാനെത്തുന്നത്. കൃത്യമായി മഴ ലഭിക്കാറില്ല. വളക്കൂറുള്ള മണ്ണില്ല. ചുറ്റും ചുട്ടുപഴുത്ത മരുഭൂമി മാത്രം. പക്ഷേ എന്നിട്ടും മനസ്സ് കുളിര്‍പ്പിക്കുന്ന പച്ചപ്പ് മരുഭൂമിയില്‍ കാണാം. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും മണ്ണിനെയും കൃഷിയേയും നെഞ്ചോട് ചേര്‍ക്കുകയാണ് യുഎഇ. ചുട്ടുപഴുത്ത മരുഭൂമിയെ അക്ഷരാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗമാക്കി മാറ്റിയിരിക്കുകയാണെന്ന് പറയാം. കഴിഞ്ഞ നവംബറിലാണ് യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ കിസൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമിയുടെ നേതൃത്വത്തില്‍ നാനൂറ് ഹെക്ടറില്‍ വിത്തിറക്കിയത്. ഇപ്പോള്‍ വിളവെടുപ്പിന് ഗോതമ്പ് പാടം തയ്യാറായിക്കഴിഞ്ഞു.
2024ഓടുകൂടി ഈ നാനൂറ് ഹെക്ടര്‍ കൃഷിഭൂമി 880 ഹെക്ടര്‍ ആയും 2025ഓടുകൂടി 1400 ഏക്കറായും വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ വിളവെടുപ്പ് നടക്കും. കാലാവസ്ഥ ഉള്‍പ്പെടെ എല്ലാം അനുകൂലമായ രാജ്യങ്ങള്‍ കൃഷിയോടും മണ്ണിനോടും മുഖം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ യുഎഇ ഒരു മികച്ച മാതൃകയാണ്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ആദ്യം അവതരിപ്പിച്ചും അവ പ്രയോഗത്തില്‍ വരുത്തിയും എന്നും വ്യത്യസ്തമാകുന്ന രാജ്യമാണ് യുഎഇ. അത് തന്നെയാണ് ഈ ദൗത്യം വിജയകരമാകാനും കാരണം. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നിരവധി സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടിയാണ് കൃഷിയിടത്തിന്റെ പരിപാലനം നടക്കുന്നത്.









