ഷുഹൈബ് വധം:ഭരണമുള്ളതിനാല്‍ പാര്‍ട്ടി സഹായിക്കുമെന്ന് ഉറപ്പ് നല്‍കി; സിപിഎമ്മിനെ വെട്ടിലാക്കി ആകാശിന്റെ മൊഴി

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കേസില്‍ ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നുവെന്ന് ആകാശ് മൊഴി നല്‍കി.
കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണെന്ന് ആകാശ് പൊലീസിനു മൊഴി നല്‍കി. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ഭരണം ഉള്ളതിനാല്‍ അന്വേഷണത്തെ ഭയക്കേണ്ടെന്നും പ്രാദേശിക നേതാവ് പറഞ്ഞതായി ആകാശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചുവെന്നും ആകാശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ആക്രമിച്ചതിനുശേഷം താനും റിജിലും നാട്ടിലേക്ക് പോയി. കൂട്ടത്തിലുള്ള ഒരാള്‍ ആയുധങ്ങള്‍ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഷുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞശേഷമാണ് ഒളിവില്‍ പോയതെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ ആകാശ് പറഞ്ഞു.

ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ്, റജിന്‍ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ക്ക് മറ്റുപ്രതികളുടെ സഹായം ലഭിച്ചതായും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആകാശ് അടക്കമുള്ള പ്രതികള്‍ ഉന്നത സി.പി.എം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു.