സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

തൃശൂര്‍: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരില്‍ തുടക്കമാകും. രാവിലെ വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 567 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും കണ്ണൂര്‍ കൊലപാതകവും കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാകും. 37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ വേദിയാകുന്നത്.
ബുധനാഴ്ച്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ പതാക ഉയര്‍ത്തി.

സമ്മേളനത്തില്‍ കണ്ണൂരിലെ അക്രമരാഷ്ട്രീയവും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവും ചര്‍ച്ചയായേക്കും. സമ്മേളനത്തിനു തൊട്ടുമുന്‍പു നടന്ന കൊലപാതകം പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം, കോണ്‍ഗ്രസിനു നല്‍കിയ അപ്രതീക്ഷിത രാഷ്ട്രീയ നേട്ടം എന്നിവ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കൊലപാതകങ്ങള്‍ വര്‍ധിക്കുന്നെന്ന പ്രചാരണം ശക്തമാകുന്നതില്‍ മുഖ്യമന്ത്രിക്കും അമര്‍ഷമുണ്ട്.