സിപിഎം സംസ്ഥാനസമ്മേളനത്തിനു തുടക്കമായി ;ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലപ്പെടുത്തണം-വി എസ്
തൃശൂര്‍: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. രാവിലെ വി.എസ് അച്യുതാനന്ദന്‍ സമ്മേളന വേദിക്ക് പുറത്ത് പതാക ഉയര്‍ത്തി. അതീവഗൗരവകരമായ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. നവ ലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാണ്. ഇതിനെ ചെറുത്തുതോല്‍പിക്കാന്‍ ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലവും വ്യാപകവുമായ രീതിയില്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് പതാക ഉയര്‍ത്തിയതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ വി.എസ് പറഞ്ഞു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 567 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ തന്നെ പരാമര്‍ശമുണ്ടാകുമെന്ന് നേരത്തെ സീതാറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും കണ്ണൂര്‍ കൊലപാതകവും കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാകും.