ഷുഹൈബിന്റേയും മധുവിന്റേയും വധം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ തടസ്സപ്പെട്ടു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയുംഅട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച്മആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന മധുവിന്റേയും കൊലപാതകങ്ങള്‍ ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.
നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍, വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് നടത്തിയത്. ചോദ്യോത്തരവേളയോട് സഹകരിക്കാതെ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസ് വളഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം കൂട്ടാക്കിയില്ല.
സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് മുഖ്യമന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റയുടനാണ് ബഹളം രൂക്ഷമായത്. ശേഷം ആരോഗ്യമന്ത്രി കെ.പി.ശൈലജ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ടായിരുന്നുവെങ്കിലും അതിനോട് സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഡയസിന് മുന്‍പില്‍ നിന്ന് ബഹളം വച്ച അന്‍വര്‍ സാദത്ത് എംഎല്‍എയെ സ്പീക്കര്‍ പേരെടുത്തു പറഞ്ഞു ശാസിച്ചു. ഒടുവില്‍ 8.40-ഓടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇതോടൈ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. ഇതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കി.
ഒമ്പതരക്ക് ശൂന്യവേളയില്‍ വിവാദ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള അവസരം പ്രതിപക്ഷത്തിനുണ്ട്.