സംശയരോഗം ; കാട്ടാക്കടയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു

തന്റെ സുഹൃത്തുമായി സംസാരിച്ചു എന്ന കുറ്റത്തിന് ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ആദ്യം അപകടമരണം എന്ന് കരുതിയ സംഭവത്തില്‍ ഇപ്പോഴാണ് കൊലപാതകകുറ്റം തെളിഞ്ഞത്. ഈ മാസം 14ന് ആണ് ഗര്‍ഭിണിയായ ഷൈനയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുപ്പിന് സമീപം വെച്ചിരുന്ന മണ്ണെണ്ണ വിളക്ക് മറിഞ്ഞാണ് തീപൊള്ളലേറ്റത് എന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞിരുന്നത്. അത് മാത്രമല്ല താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് എന്നാണ് ഷൈന പോലീസിന് മൊഴി നല്‍കിയതും. എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തോന്നിയ നെയ്യാര്‍ പോലീസ് ഭര്‍ത്താവ് സുനിലിലെ നിരീക്ഷിച്ചു. അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മക്കളില്‍ നിന്നും മൊഴി എടുത്തതോടെയാണ് ഷൈനയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായത്.

ഗുരുതരമായി പൊള്ളലേറ്റ ഷൈന 16ാം തിയ്യതി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നവെങ്കിലും കുട്ടി മരിച്ച് പോയി. 21ന് ഷൈനയും മരിച്ചു. സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്ത് വന്നത്. സംശയം കാരണം സ്ഥിരം മദ്യപാനിയായ സുനില്‍ ഭാര്യയെ നിരന്തരമായി മര്‍ദിച്ചിരുന്നു. വീട്ടിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന ശീലം സുനിലിനുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ മുതല്‍ സുനി കൂട്ടുകാരനായ കുമാറിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചു. ശേഷം ഇരുവരും പുറത്തേക്ക് പോയി. വൈകിട്ട് സുനില്‍ തിരിച്ച് വന്നപ്പോള്‍ വീട്ടില്‍ ഷൈന കുമാറുമായി സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. ഇതോടെ നിയന്ത്രണം വിട്ട സുനില്‍ കുമാറിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. കുമാറിന്റെ മുന്നില്‍ വെച്ച് ഷൈനയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനം താങ്ങാനാവാതെ വന്നപ്പോള്‍ ഷൈന ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ മണ്ണെണ്ണ എടുത്ത് ദേഹത്ത് ഒഴിച്ചു. ഇത് കണ്ട സുനില്‍ തീപ്പെട്ടി ഉറച്ച് ഷൈനയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു.

ആദ്യം നെടുമങ്ങാട് ആശുപത്രിയിലാണ് ഷൈനയെ എത്തിച്ചത്. എന്നാല്‍ അവസ്ഥ ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശരീരത്തിന്റെ എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവദിവസം നടന്ന കാര്യങ്ങള്‍ അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചതോടെയാണ് കൊലപാതകി കുടുങ്ങിയത്. സുനിലിന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരിയാണ് ഷൈന. ഇവരുടേത് പ്രണയവിവാഹമായിരുന്നു. രണ്ട് മക്കളുമുണ്ട്. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെയാണ് ക്രൂരമായ കൊലപാതകം. സുനിലിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.