നമ്പരില്ല, പകരം ബോസും, ആര്‍എസ്എസും; നമ്പര്‍ പ്‌ളേറ്റില്‍ ‘നമ്പരിറക്കി’യാല്‍ കൈയ്യോടെ പൊക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്
കോട്ടയം: വാഹന റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളില്‍ ചില ‘നമ്പരിറക്കി’ അതിനെ ഫാഷനാക്കി മാറ്റുന്നവരെ കൈയ്യോടെ പിടികൂടാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും നമ്പര്‍ പ്ലേറ്റുകളില്‍ വീണ്ടും ഇത്തരം ‘വേലത്തരങ്ങള്‍’ നടത്തുന്നവരുടെ എണ്ണം ഏറിയതോടെയാണു നടപടി കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ വ്യാപകമായി പരിശോധന നടത്താനും തീരുമാനമായി.
ഈ വിരുതന്മാര്‍ നമ്ബര്‍ പ്‌ളേറ്റില്‍ കാട്ടിക്കൂട്ടുന്ന കലാപരിപാടികള്‍ വളരെ രസകരമാണ്. 7255 എന്ന റജിസ്‌ട്രേഷന്‍ നമ്പര്‍ രൂപമാറ്റം വരുത്തി ആര്‍എസ്എസ് എന്നാക്കിയ വിരുതന്‍ പട്ടാമ്പിയില്‍ നിന്നു മോട്ടോര്‍വാഹന വകുപ്പു പിടികൂടി.
കൂടാതെ ഇംഗ്ലിഷ് അക്ഷരങ്ങളോടു സാദൃശ്യമുള്ള അക്ഷരങ്ങളെ തിരിച്ചും വളച്ചും ഇംഗ്ലിഷ് വാക്കുകളാക്കി നമ്പര്‍ പ്ലേറ്റില്‍ എഴുതിയ ഒട്ടേറെ വാഹനങ്ങള്‍ ഇതിനോടകം മോട്ടോര്‍ വാഹന വകുപ്പിന്റെ വലയിലായിക്കഴിഞ്ഞു. 6055, 8055 എന്നീ റജിസ്‌ട്രേഷന്‍ നമ്പരുകളെ രൂപമാറ്റം വരുത്തി ഇംഗ്ലിഷില്‍ ‘ബോസ്’ എന്ന് എഴുതിയിട്ടുള്ള ബൈക്കിന്റെ ഉടമയ്ക്ക് അടക്കം വകുപ്പ് നോട്ടിസ് അയച്ചുകഴിഞ്ഞു. 6045, 8045 എന്നീ റജിസ്‌ട്രേഷന്‍ നമ്പരുകളില്‍ രൂപമാറ്റം വരുത്തി ‘ബോയ്‌സ്’ എന്ന് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചവരെയും കണ്ടെത്തി.
അവ്യക്തമായും നിയമവിരുദ്ധമായും നമ്പരുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി പിടികൂടി പിഴ ചുമത്തും. 2000 രൂപയാണ് പിഴ തുക. തുടര്‍ന്ന് നമ്പര്‍ പ്ലേറ്റും അഴിച്ചുമാറ്റും. പുതിയ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ആര്‍ടിഒയുടെ അനുമതി വാങ്ങിയ ശേഷം മാത്രമേ പിന്നീട് ആ വാഹനം പുറത്തിറക്കാന്‍ അനുവദിക്കൂ. മോട്ടോര്‍ വാഹന വകുപ്പ് വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴിയും ഇത്തരത്തിലുള്ള നിയമ ലംഘകരെ പിടികൂടുന്നുണ്ട്.
നിയമലംഘനം കണ്ടാല്‍ വാട്സാപ്പില്‍ ചിത്രങ്ങള്‍ അയയ്ക്കാം നമ്പര്‍-85476 39005.