വിദേശ നിര്‍മിത മദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് വിദേശനിര്‍മ്മിത മദ്യം വില്‍ക്കുന്നതിനു പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ സര്‍ക്കാറിന്റെ നീക്കം. സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള കരട് മദ്യനയത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. സ്‌കോച്ച് വിസ്‌കി അടക്കം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം വില്‍ക്കാന്‍ സംസ്ഥാനത്ത് പ്രത്യേക ചില്ലറ വില്‍പനശാലകള്‍ ആരംഭിക്കുമെന്നാണ് കരട് മദ്യനയത്തില്‍ ഉള്ളത്. കരട് മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി കഴിഞ്ഞു. അതേസമയം യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട മദ്യ നയത്തിന് വിപരീതമായിട്ടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മദ്യനയം കൊണ്ട് വന്നിരിക്കുന്നത്.
ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കൂവെന്ന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ എല്ലാ വര്‍ഷവും പത്ത് ശതമാനംവീതം പൂട്ടാനും തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിനു നേര്‍ വിപരീതമായി മദ്യനയം പുതുക്കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തേക്കുള്ള കരട് മദ്യനയത്തില്‍ വിദേശ നിര്‍മിത വിദേശമദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.