എന്നാലും എന്റെ കാന്താരി എന്നാ..വിലയാണിത് ; ഒരു കിലോ കാന്താരിമുളകിന് വില 1300 രൂപ
കാന്താരിമുളക് എരിവില്‍ മാത്രമല്ല വിലയിലും മുന്‍പന്‍ തന്നെ. പച്ചമുളകിനെ പിന്നിലാക്കി എരിവിന്റെ രാജാവായ കാന്താരി മുളകിന്റെ വില കുതിക്കുന്നു. വിപണിയില്‍ ഒരു കിലോഗ്രാം കാന്താരിമുളകിന് 1300 രൂപയാണ്. പച്ചമുളകിന്റെ വില കിലോയ്ക്ക് വെറും 28 രൂപയായി കുറഞ്ഞു നില്‍ക്കുമ്പോഴാണു വലുപ്പത്തില്‍ കുഞ്ഞനായ കാന്താരി വിലയില്‍ വമ്പനായത്.
1300 രൂപയ്ക്കു വിപണിയില്‍നിന്നു ലേലം കൊള്ളുന്ന മുളക് കടകളില്‍ ചില്ലറ വില്‍ക്കുമ്പോള്‍ 100 ഗ്രാമിന് 200 രൂപ വരെയാകും. ഇതേ തൂക്കത്തില്‍ പച്ചമുളകിനാണെങ്കില്‍ വെറും മൂന്നു രൂപ മാത്രമേയുള്ളു. കൊളസ്ട്രോളിനു പ്രതിവിധിയായും മറ്റും കാന്താരി മുളകില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ വിപണിയില്‍ ഉണ്ട്. ഇത്തരം കമ്പനികളിലെ വര്‍ധിച്ച ആവശ്യവും കാന്താരിമുളകിന്റെ ഔഷധമൂല്യത്തെക്കുറിച്ചുള്ള പ്രചാരണവുമാണ് ഇത്തിരിക്കുഞ്ഞന്‍ മുളകിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
തായ് വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത ഘടകമായ കാന്താരിമുളകിന് വിദേശ വിപണിയിലും നല്ല ഡിമാന്‍ഡ് ഉണ്ട്. മുളകുപൊടിയില്‍ എരിവ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന എസന്‍സ് നിര്‍മാണത്തിലും കാന്താരി വന്‍തോതില്‍ ഉപയോഗിക്കുന്നതായി പറയുന്നു.









