ക്രൂഡോയിലിന് വിലയിടിഞ്ഞിട്ടും കേന്ദ്രം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടുന്നു: ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: പെട്രോളിനും ഡീസലിനും പാചകവാതക സിലിണ്ടറുകള്‍ക്കും 40 ശതമാനം വില കുറയ്ക്കുവാനുള്ള സാഹചര്യം ഉണ്ടായിട്ടും വില വര്‍ധനകൊണ്ട് നട്ടം തിരിയുന്ന ജനങ്ങളെ വിസ്മരിച്ച് ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും വീണ്ടും വില വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സാധാരണക്കാര്‍ ഉപയോഗിക്കുന്ന സബ്‌സിഡിയോടു കൂടിയുള്ള പാചക വാതക സിലിണ്ടറിനു 90 രൂപ വര്‍ധിപ്പിച്ച് 462 രൂപയാക്കുകയും സബ്‌സിഡി ഇല്ലാത്ത ഉപഭോക്താക്കള്‍ക്കു 86 രൂപ വര്‍ധിപ്പിച്ച് 764.50 രൂപയാക്കുകയും ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ എല്‍.പി.ജി വില യു.പി.എ ഗവണ്‍മെന്റിന്റെ കാലത്തെക്കാള്‍ കുറഞ്ഞിട്ടും പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചതിനു ഒരു ന്യായീകരണവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

യു.പി.എ സര്‍ക്കാര്‍ ഒരു സിലിണ്ടറിനു 504 രൂപ സബ്‌സിഡി കൊടുത്താണ് കുറഞ്ഞ വിലയ്ക്കു സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കു പാചകവാതക സിലിണ്ടറുകള്‍ നല്‍കിയത്. മോദി ഗവണ്‍മെന്റ് സബ്‌സിഡി 289 രൂപയായി വെട്ടിക്കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍

ക്രൂഡോയിലിന് യു.പി.എ. ഗവണ്‍മെന്റ് കാലത്ത് 114 ഡോളര്‍ വിലയായിരുന്നു. ഇപ്പോള്‍ ക്രൂഡോയില്‍ വില 55 ഡോളറായി കുറഞ്ഞിട്ടും പെട്രോളിനു വെറും 58 പൈസയുടെ കുറവു മാത്രമാണ് ജനങ്ങള്‍ക്കു ലഭിച്ചത്. ഡീസലിന് യു.പി.എ. ഗവണ്‍മെന്റിന്റെ കാലത്തേക്കാള്‍ 3 രൂപ 51 പൈസ ലിറ്ററിനു കൂടുതലാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വിലക്കയറ്റത്തിനെതിരെ സമരം ചെയ്ത് അധികാരത്തില്‍വന്ന ബി.ജെ.പി. സര്‍ക്കാര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിനും എല്‍.പി.ജി.ക്കും വില കുറഞ്ഞിട്ടും പെട്രോളിന്റെ വില കാര്യമായി കുറച്ചില്ലെന്നു മാത്രമല്ല, ഡീസലിനും പാചകവാതകത്തിനും അമിതമായി വില വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എക്‌സൈസ് ഡ്യൂട്ടി മൂന്നിരട്ടി വര്‍ധിപ്പിച്ചു ജനങ്ങള്‍ക്കു നല്‌കേണ്ട ആശ്വാസം കേന്ദ്രഗവണ്‍മെന്റ് തട്ടിയെടുക്കുയാണ് ചെയ്തത്. എക്‌സൈസ് ഡ്യൂട്ടി വര്‍ധനവിലൂടെ 1.75 ലക്ഷം കോടി രൂപയാണ് ഇതുവരെ കേന്ദ്ര ഗവണ്‍മെന്റിന് ഖജനാവിലേയ്ക്കു ലഭിച്ചത്.

കൂടാതെ, സ്വകാര്യ കുത്തക പെട്രോളിയം കമ്പനികള്‍ക്കും പൊതുമേഖലാ കമ്പനികള്‍ക്കും അമിതലാഭം ഉണ്ടാക്കുവാന്‍ അവസരം കൊടുക്കുകയും ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിനു അമിതമായി വില വര്‍ധിച്ചപ്പോള്‍ 1.2 ലക്ഷം കോടി രൂപയുടെ സബ്‌സിഡി നല്‍കി പെട്രോള്‍-ഡീസല്‍ വില കുറച്ച യു.പി.എ. ഗവണ്‍മെന്റിനേയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിനു വില കുറഞ്ഞിട്ടും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച ലാഭം കൊയ്‌തെടുക്കുന്ന ബി.ജെ.പി. ഗവണ്‍മെന്റിനേയും ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.