കാണാതായ വിദേശ വനിതയുടേ മൃതദേഹം കുളച്ചലില്‍ കണ്ടെത്തി എന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദേശ വനിതയുടേത് എന്ന് സംശയിക്കുന്ന ഒരു മൃതദേഹം കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ നിന്നും ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ലിത്വാനിയ സ്വദേശി ലീഗയെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും കാണാതായത്. മാര്‍ച്ച് 14 നാണ് ലീഗയെ കാണാതാവുന്നത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ മാനസിക പിരിമുറുക്കത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ലീഗയും സഹോദരി ഇല്‍സയും. ഇല്‍സ യോഗ പഠനത്തിന് പോയ സമയത്താണ് ലീഗ പുറത്തേക്ക് പോയത്. ഇവരെ കോവളത്ത് കൊണ്ടുവിട്ടതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

വിഷാദരോഗിയായ ലീഗ അധികം ആരുമായും സംസാരിക്കാത്ത പ്രകൃതമാണ് എന്ന് സഹോദരി പറയുന്നു. കാണാതായതിനു ശേഷം ലീഗയെ കോവളത്തുവച്ചും ഓച്ചിറയില്‍ വെച്ചും കണ്ടുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, പോലീസിന് ഇവരെ കണ്ടെത്താനയിരുന്നില്ല. പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന പരാതി സഹോദരി ഉന്നയിക്കുകയും ചെയ്തിരുന്നു. സംശയത്തെത്തുടര്‍ന്ന് അവരുടെ സഹോദരിയെ പോലീസ് കുളച്ചിലിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ഇപ്പോള്‍.