ചിത്രം കണ്ടാല്‍ ഈ മരമെന്താ മൂത്രമൊഴിക്കുകയാണോ എന്ന് തോന്നുമല്ലേ? പക്ഷെ സംഭവം അതല്ല -വീഡിയോ
ഈ ചിത്രം കണ്ടാല്‍ മരം മൂത്രമൊഴിക്കുകയാണോ എന്ന് ചിലരെങ്കിലും സംശയിക്കും. പക്ഷെ സംഭവം അതല്ല. മരത്തിനകത്തു നിന്നും ഒരു അരുവി ഒഴുകുന്നതാണ് കാര്യം. യൂറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയിലാണ് മരത്തില്‍ നിന്ന് ഉത്ഭവിക്കുന്ന അരുവിയുള്ളത്. കനത്ത മഴ പെയ്തു കഴിഞ്ഞാല്‍ ഈ മരത്തില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് സ്ഥിരം കാഴ്ചയാണിവിടെ. വെള്ളമൊഴുകാന്‍ തുടങ്ങിയാല്‍ ആ പ്രദേശമാകെ നിറയുമെന്നതാണ് മറ്റൊരു പ്രത്യേകത. മള്‍ബറി ഇനത്തില്‍ പെട്ട മരത്തിന്റെ പൊത്തില്‍ കൂടിയാണ് വെള്ളം മണ്ണിനടിയില്‍ നിന്നു പുറത്തേക്കൊഴുകുന്നത്.
ഒരിക്കല്‍ ശക്തമായി മഴ പെയ്താല്‍ ഇരുപത്തി നാല് മണിക്കൂറ് വരെ ഈ മള്‍ബറി മരത്തിന്റെ പൊത്തില്‍ നിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ഒരു അരുവി പോലെ ഒഴുകുന്ന ഈ ജലം പ്രദേശമാകെ നിറയ്ക്കാന്‍ പലപ്പോഴും പര്യാപ്തമാണ്.പുറത്തേക്കുള്ള ഈ ഒരു അരുവി ഒഴുകാന്‍ കാരണം ഭൂമിക്കടിയില്‍ രൂപപ്പെടുന്ന അനേകം ഉറവകളാണ്.
ഈ ഉറവകളില്‍ നിന്നുള്ള ജലം ഭൂമിയുടെ അടിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്താലാണ് വെള്ളം വേരുകള്‍ക്കിടയിലൂടെ മരത്തിന്റെ ഉള്ളിലെത്തി പൊത്തിലൂടെ പുറത്തേക്കു വരുന്നത്. 150 വര്‍ഷത്തോളം പഴക്കമുള്ള ഈ വൃക്ഷത്തിലൂടെ വെള്ളം പുറത്തേക്കു വരുന്ന പ്രതിഭാസം തുടങ്ങിയത് ഇരുപത്തി അഞ്ച് വര്‍ഷം മുന്‍പാണ്. നൂറ് വര്‍ഷമാണ് ഒരു മള്‍ബറി വൃക്ഷത്തിന്റെ പരമാവധി ആയുസ്സ്. ഇത് നമ്മുടെ കഥാനായകനായ മരം പണ്ടേ പിന്നിട്ടതിനാല്‍ ഇപ്പോള്‍ മരത്തിന്റെ ഉള്ള് ഏതാണ്ട് പൂര്‍ണ്ണമായും പൊള്ളയായ അവസ്ഥയിലാണ്. ഇതാണ് ഒരു കുഴല്‍ പോലെ മണ്ണിനടിയില്‍ നിന്ന് വെള്ളം ഈ മരത്തിലൂടെ പുറത്തേക്കൊഴുകാന്‍ കാരണവും.