കേരളാ പോലീസിന് എതിരെ മന്ത്രി എം എം മണി രംഗത്ത്
പോലീസിനെ കനത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം. എം. മണി രംഗത്ത് . പോലീസ് ജനാധിപത്യപരമായി പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനുള്ളതാണ് പോലീസ് സംവിധാനം. എന്നാല്‍ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയുന്നുണ്ടോ എന്നുചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും എന്നും അദ്ദേഹം പറയുന്നു. ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് പലപ്പോഴും പോലീസിന് പ്രവര്‍ത്തിക്കേണ്ടി വരുന്നു. നിയമ വിരുദ്ധമായി മനുഷ്യനെ പീഡിപ്പിക്കുകയും കള്ളക്കേസ് ഉണ്ടാക്കുകയും ചെയ്യുകയാണ് പോലീസ് പലപ്പോഴും ചെയ്യുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതൊന്നും താന്‍ വെറുതെ പറയുന്ന കാര്യങ്ങള്‍ അല്ല എന്നും തന്റെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മണി പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങള്‍ പോലീസ് മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഭരണകക്ഷിയിലെ മന്ത്രി തന്നെ പോലീസിന് എതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് പോലീസിന്റെ കിരാത ഭരണമാണ് നടക്കുന്നതെന്നും സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആരോപിച്ചിരുന്നു.