കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്നു; കേന്ദ്രത്തിനെതിരെ നിരാഹാരസമരവുമായി മുഖ്യമന്ത്രി
ചെന്നൈ:കാവേരി നദീജല പ്രശ്‌നത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പടയൊരുക്കവുമായി അണ്ണാ ഡിഎംകെ. സുപ്രീംകോടതി നിര്‍ദേശപ്രകാരം കാവേരി ജല വിനിയോഗ ബോര്‍ഡ് (സിഡബ്ല്യുബി) രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി.
ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലെ സമരത്തിനു മന്ത്രിമാരും അണ്ണാ ഡിഎംകെ നേതാക്കളും നേതൃത്വം നല്‍കുന്നു. രാവിലെ എട്ടിന് ആരംഭിച്ച സമരം വൈകിട്ട് അഞ്ചു വരെ തുടരാനാണ് തീരുമാനം. കാവേരി നദീജലതര്‍ക്കത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പിഎംകെയുടെ നേതൃത്വത്തില്‍ വീടുകള്‍ക്കു മുന്നില്‍ കരിങ്കൊടി നാട്ടിയുള്ള പ്രതിഷേധവുമുണ്ട്.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കടകള്‍ അടച്ചിടാനും ആഹ്വാനമുണ്ട്. വിവിധ കര്‍ഷക സംഘടനകള്‍ റെയില്‍ – റോഡ് തടയല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മറീന ബീച്ചില്‍ മിന്നല്‍ സമരം നടത്തിയ അന്‍പതോളംപേരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധം കനത്തതോടെ, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും അണ്ണാ ഡിഎംകെ നേതാക്കളും രംഗത്തെത്തി. തമിഴ്‌നാട്ടില്‍ അഞ്ചിനു പ്രതിപക്ഷം ബന്ദ് പ്രഖ്യാപിച്ചു. തമിഴ്‌നാട് സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രിമാരെ കരിങ്കൊടി കാട്ടാനും തീരുമാനിച്ചു.
കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണു കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്ത്രപരമായി മൗനം പാലിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം, കാവേരി ജല ബോര്‍ഡ് രൂപീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിച്ചു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.