സൈനിക ഏറ്റുമുട്ടല്‍ ; കശ്മീര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അടക്കം അഞ്ച് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ സൈനിക ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയില്‍ ചേര്‍ന്ന കശ്മീര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി കരുതുന്നു. ഹിസ്ബുള്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജമ്മു കശ്മീര്‍ പൊലീസ് തലവന്‍ എസ്പി വേദ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കുറച്ച് വര്‍ഷം മുമ്പ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നിട്ടുള്ള മുഹമ്മദ് റാഫി ഭട്ട് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ജമ്മു കശ്മീര്‍ പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബാംഗങ്ങളെ സമീപിച്ച് അസിസ്റ്റന്റ് പ്രൊഫസറോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഹമ്മദ് റാഫി അതിന് തയ്യാറായിരുന്നില്ല. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ ഏറ്റുമുട്ടലിനിടെ ഇയാള്‍ നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുരക്ഷാ സേന ഓപ്പറേഷന്‍ ആരംഭിക്കുമ്പോള്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ സദ്ദാം പാദ്ദറുമായി ഭട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു. പ്രൊഫസറെ ഏതാനും ദിവസം മുമ്പ് കാണാതായിരുന്നു.  കൂടാതെ സൈന്യം നേരത്തെതന്നെ വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അടുത്ത അനുയായിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പോലീസ് പ്രൊഫസറുടെ അടുത്ത ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയും കീഴടങ്ങാന്‍ അവസരം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പോലീസിന്റെ വാഗ്ദാനം ഭട്ട് നിരസിച്ചുവെന്നാണ് സൂചന. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയും കീഴടങ്ങാന്‍ തങ്ങള്‍ അഭ്യര്‍ഥിച്ചുവെങ്കിലും ചെവിക്കൊള്ളാന്‍ ഭീകരര്‍ ഭീകരര്‍ തയ്യാറായില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.