പോലീസ് അസോസിയേഷന്‍ വിവാദത്തില്‍ ന്യായങ്ങള്‍ നിരത്തി മുഖ്യമന്ത്രി

പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ രക്തസാക്ഷി അനുസ്മരണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പൊലീസ് അസോസിയേഷനെതിരെ ഉയര്‍ന്നുവന്ന ആരോപണ വിവാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഘടനാ പ്രവര്‍ത്തനം പൊലീസിന്റെ അച്ചടക്കത്തിന് മാറ്റ് കൂട്ടുമെന്നും പറഞ്ഞു. പൊലീസ് അസോസിയേഷന്റെ മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ അടിസ്ഥാനപരമായി കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാദം ഉണ്ടാക്കുന്നവര്‍ വിവാദങ്ങള്‍ക്ക് പിന്നിലാണെന്നും അവര്‍ക്ക് വസ്തുതകളറിയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രക്തസാക്ഷികളെ അനുസ്മരിച്ചത് ഏതോ വലിയ അപരാധം ചെയ്തുവെന്നാണ് പറയുന്നത്. ഇത് തുടക്കം മുതലുള്ള കാര്യമാണ്. സ്മരിച്ചത് ഏതെങ്കിലും പാര്‍ട്ടി രക്തസാക്ഷികളെയല്ല. മറ്റിടങ്ങളില്‍ മരിച്ച പൊലീസുകാരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ വിഷമമാണ്. ആ നിറം കണ്ടാല്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നും അത്തരക്കാരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.