ചെയ്ത ജോലിയുടെ കൂലി ആവശ്യപ്പെട്ട 16 കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി

ചെയ്ത ജോലിയുടെ ശമ്പളവും കുടിശികയും ആവശ്യപ്പെട്ടതിന് 16 കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ സോണി എന്ന 16-കാരിയാണ് ക്രൂരതയ്ക്കിരയായത്. കുട്ടിക്ക് ജോലി വാങ്ങി നല്‍കിയ ഇടനിലക്കാരനാണ് കൊലപാതകം നടത്തിയത്. ഇതേതുടര്‍ന്ന് ഇടനിലക്കാരനായ മഞ്ജിത് കര്‍കേതയെ പോലീസ് അറസ്റ്റു ചെയ്തു. സോണി ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നും മഞ്ജിത് അവളുടെ ശമ്പളം വാങ്ങിയിരുന്നെങ്കിലും അത് സോണിക്ക് നല്‍കിയിരുന്നില്ല. ഒരു വര്‍ഷമായി ശമ്പളം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ സോണി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മഞ്ജിതിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു.

സോണിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മഞ്ജിത് ശ്രമിച്ചെങ്കിലും അവള്‍ അതിന് തയാറായില്ല. ഇതേതുടര്‍ന്നാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി റാവു വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ലഭിച്ചതിനെ തുടര്‍ന്ന്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങുന്നത്. ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ നിന്ന് നിര്‍ധനരായ പെണ്‍കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് വീട്ടുജോലിക്കായി നല്‍കുന്നയാളാണ് മഞ്ജിത്.