ഉമ്മന്‍ചാണ്ടി ഇനി എ ഐ സി സി ജനറല്‍ സെക്രട്ടറി
മുന്‍കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിന് നൽകുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഉമ്മന്‍ ചാണ്ടിയെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. നിലവില്‍ ദിഗ്‌വിജയ് സിങ്ങിനാണ് ആന്ധ്രാപ്രദേശിന്റെ ചുമതല. ദിഗ് വിജയ് സിങ് ചുമതലയിൽ നിന്ന് ഒഴിയുന്നതിലേക്കാണ് ഉമ്മൻചാണ്ടിയുടെ നിയമനം. എ ഐ സി സി പുനഃസംഘടനയുടെ ഭാഗമായി കേരളത്തില്‍നിന്നുള്ള ചില നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് എത്തിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ദയനീയമായ പ്രകടനമായിരുന്നു ആന്ധ്രയില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാവുക.









