മരണവും പ്രവചിച്ച് ഗൂഗിള്‍ ; ശാസ്ത്രലോകത്തിന് തന്നെ അത്ഭുതമായി പുതിയ കണ്ടുപിടിത്തം
ആകാശത്തിന് കീഴിലുള്ള എന്തിനെ കുറിച്ചറിയാനും നമ്മള്‍ ആശ്രയിക്കുന്ന ഒരാളാണ് ഗൂഗിള്‍. ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ എന്ത് വിവരവും ഞൊടിയിടയില്‍ ഗൂഗിള്‍ നമുക്ക് തരും. എന്നാല്‍ അതില്‍ നിന്നും ഒരുപടി കൂടി കടന്ന് മനുഷ്യന്റെ മരണവും പ്രവചിച്ചിരിക്കുകയാണ് ഗൂഗിള്‍.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് തയാറാക്കിയ യന്ത്രത്തിന്റെ സഹായത്തോടെ മരണ സാധ്യത വരെ മുന്‍കൂട്ടി പ്രവചിച്ചു കഴിഞ്ഞു. മരണം പ്രവചിക്കാം എന്ന കണ്ടെത്തല്‍ സ്തനാര്‍ബുദബാധിതയായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയിലാണ് ഗൂഗിള്‍ നടത്തിയത്.
ചികിത്സയിലിരിക്കെ ഈ സ്ത്രീ മരിക്കാന്‍ 9.3 ശതമാനം സാധ്യത മാത്രമാണുള്ളതെന്നാണ് ഡോക് ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത അല്‍ഗോരിതം അനുസരിച്ച് ഈ സ്ത്രീയുടെ 175,639 ഡാറ്റ പോയിന്റ്‌സ് മനസ്സിലാക്കിയതില്‍ മരിക്കാനുള്ള സാധ്യത 19.9 ശതമാനമാണെന്ന് പ്രവചിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഗൂഗിളിന്റെ പ്രവചനം ഫലിക്കുകയായിരുന്നു. മരണം മാത്രമല്ല, ആശുപത്രിയില്‍ ചിലവഴിക്കേണ്ടി വരുന്ന ദിവസങ്ങളും മരിക്കാനുള്ള സാധ്യതകള്‍ തുടങ്ങിയവയെല്ലാം രോഗിയുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഈ പ്രവചനത്തോടെ യന്ത്രത്തെ മനുഷ്യന്റെ മരണ സമയം കുറിക്കാന്‍ പരിശീലിപ്പിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍.









