ഇന്ത്യയില്‍ ഒരു ദിവസം പോലീസ് കസ്റ്റഡിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുന്നു എന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ പ്രതിദിനം ഉണ്ടാവുന്നത് 5 കസ്റ്റഡിമരണങ്ങളാണ് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു. കേരള പോലീസിനെതിരെ ഏറ്റവുമധികം ആരോപണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഇതേ കാലത്ത് തന്നെ രാജ്യത്തെയാകെ പോലീസ് സംവിധാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു സുപ്രധാന റിപ്പോര്‍ട്ട് എഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ടിരിക്കുന്നു. സമൂഹത്തിലെ ക്രമസമാധാനനില തകരാറിലാകുന്നു എന്നതിനു പുറമേ ജയിലറകളിലെ മനുഷ്യാവകാശലംഘനം പോലും ഞെട്ടിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജൂണ്‍ 26, പീഡനത്തിനിരയാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള അന്താരാഷ്ട്രദിനത്തോട് അനുബന്ധിച്ച് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത് 1674 കസ്റ്റഡിമരണങ്ങളാണെന്നാണ്. ഇതില്‍ 1530 പേര്‍ മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കുമ്പോഴാണ്. ഇക്കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചവരുടെ എണ്ണം 144 ആണ്. ആഭ്യന്തരമന്ത്രാലയം 2018 മാര്‍ച്ച് 14ന് രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 334 ദിവസങ്ങള്‍ക്കുള്ളില്‍ (11 മാസം) 1674 മരണങ്ങള്‍.

അതായത് 2017-18 വര്‍ഷം ശരാശരി ദിനംപ്രതി 5 മരണം. 2001-2010 കാലയളവിലെ ആകെ കസ്റ്റഡിമരണങ്ങളുടെ എണ്ണം 14,231 ആയിരുന്നു. അതായത് അന്ന് ശരാശരി ദിനംപ്രതിയുള്ള കസ്റ്റഡിമരണത്തിന്റെ എണ്ണം 4 മാത്രമായിരുന്നു. കസ്റ്റഡിമരണത്തിന്റെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശാണ്. 2017-18 കാലയളവില്‍ സംസ്ഥാനത്ത് കസ്റ്റഡിയിലിരിക്കെ മരിച്ചത് 374 പേരാണ്. രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്(137). പശ്ചിമബംഗാള്‍ (132) മധ്യപ്രദേശ് (113) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങള്‍.