പോര്‍ച്ചുഗല്ലും മടങ്ങുന്നു ; യുറഗ്വായ് ക്വാർട്ടറിൽ

ഫുഡ്ബോള്‍ ആരാധകര്‍ക്ക് ഇരട്ടി പ്രഹരം. ലോകകപ്പ് ഫുട്‌ബോളില്‍ ലയണല്‍ മെസ്സിക്ക് പിറകെ കണ്ണീരുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റഷ്യയില്‍ നിന്ന് മടങ്ങുന്നു. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയ യുറഗ്വായ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. റഷ്യ ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാത്ത യുറഗ്വായുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. എഡിന്‍സണ്‍ കവാനി നേടിയ ഇരട്ടഗോളിലാണ് യുറഗ്വായ് ക്വാര്‍ട്ടര്‍ സ്വന്തമാക്കിയത്.

ഏഴ്, അറുപത്തിരണ്ട് മിനിറ്റുകളിലായിരുന്നു കവാനിയുടെ എണ്ണം പറഞ്ഞ ഗോളുകള്‍. അമ്പത്തിയഞ്ചാം മിനിറ്റില്‍ പെപ്പെയാണ് പോര്‍ച്ചുഗലിനുവേണ്ടി ഒരു ഗോള്‍ മടക്കിയത്. ക്രിസ്റ്റിയാനോയെ പൂട്ടിയതിനൊപ്പം യുറഗ്വായുടെ പഴുതടച്ച പ്രതിരോധം മറികടക്കാന്‍ പോര്‍ച്ചുഗല്‍ നന്നായി പാടുപെട്ടു. പന്തടക്കത്തിലും പാസിലുമെല്ലാം പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും കവാനിയുടെ ഇരട്ട ഗോള്‍ മറികടക്കാന്‍ പോര്‍ച്ചുഗലിന് സാധിക്കാതിരുന്നതോടെ യുറഗ്വായ് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാവുകയായിരുന്നു.