22 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ജോലി ; ശമ്പളം 1.2 കോടി രൂപ
ആദിത്യ പലിവാല്‍ എന്ന എന്ന ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിക്കാണ് ഈ സ്വപ്ന ജോലി ലഭിച്ചത്. മുംബൈ സ്വദേശിയായ ആദിത്യ ബംഗളൂരു ഐ.ഐ.ഐ.ടി.ബി വിദ്യാര്‍ത്ഥിയാണ്. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ആഗോള തലത്തില്‍ നടത്തിയ പരീക്ഷയിലാണ് 22 കാരനായ ആദിത്യയെ തിരഞ്ഞെടുത്തത്. ആകെ 6000 പേര്‍ പങ്കെടുത്ത പരീക്ഷയില്‍ ആദിത്യ ഉള്‍പ്പടെ 50 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്.
കമ്പ്യൂട്ടര്‍ ലാങുവേജ് കോഡിങ്ങിന്റെ ലോകത്തെ ഏറ്റവും പ്രധാന മത്സരമായ എ.സി.എം ഇന്റര്‍നാഷണല്‍ കൊളീജിയേറ്റ് പ്രോഗ്രാമിങ് കോണ്ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം ഫൈനലിസ്റ്റുമായിരുന്നു ആദിത്യ. 111 രാജ്യങ്ങളിലുള്ള അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജൂലൈ 16 നാണ് ആദിത്യ ഗൂഗിള്‍ സംഘത്തിനൊപ്പം ചേരുക.