കനത്ത മഴ മൂന്ന് മരണം ; സ്കൂളുകള്‍ക്ക് അവധി ; പരീക്ഷകള്‍ മാറ്റി

കനത്തമഴയില്‍ സംസ്ഥാനത്ത് മൂന്ന് മരണം. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ എടത്തൊട്ടിക്ക് സമീപം കല്ലേരി മലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണ് യാത്രക്കാരിയായ ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിത്താര (20) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ വിനോദ്, മറ്റു സഹയാത്രക്കാരായ സിറിയക്, സലീന, പ്രസന്ന എന്നിവര്‍ക്കു പരുക്കേറ്റു.

ചേര്‍ത്തല മാക്കേക്കടവില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റാണ് മത്സ്യവില്‍പന തൊഴിലാളി മരിച്ചത്. മാക്കേക്കടവ് ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു മരിച്ചത്. രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. മീനുമായി വീടുകള്‍ കയറി വില്‍ക്കുന്നതിനിടയില്‍, കഴിഞ്ഞ ദിവസത്തെ മഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നു. ഒരു വീടിനു മുന്നില്‍ പൊട്ടി വീണ കമ്പി, അയയാണെന്നു കരുതി എടുത്തു നീക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.

കോഴിക്കോട് മരം കടപുഴകി വീണ് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തന്‍കുന്ന് കല്യാണി (85) ആണ് മരിച്ചത്. അതേസമയം, കനത്ത മഴ തുടരുന്നതിനാല്‍ കേരള സര്‍വകലാശാല നാളെ (തിങ്കളാഴ്ച ) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. ശനിയാഴ്ച (217018) യായിരിക്കും മാറ്റിവെച്ച പരീക്ഷകള്‍ നടത്തുക.

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട,കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (16.07.2018) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളത്തെ അവധിക്ക് പകരം ഈ മാസം 21 ന് പ്രവൃത്തി ദിനമായിരിക്കും.